ദില്ലി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ സെപ്തംബര്‍ 30 വരെയായിരുന്നു പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം. ഇതാണ് ഇപ്പോള്‍ മൂന്ന് മാസങ്ങള്‍ കൂടി നീട്ടിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. 

ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും സമയപരിധി നീട്ടിയ വിവരം പങ്കുവെച്ചിട്ടുണ്ട്. ഇത് ഏഴാം തവണയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു.