Asianet News MalayalamAsianet News Malayalam

ടെസ്‌ലയുടെ വിമർശനം ഫലിച്ചു; ഇറക്കുമതി നികുതി കുറക്കാൻ തീരുമാനിച്ച് കേന്ദ്രം

ഇറക്കുമതി ചെയ്യുന്ന, 40000 ഡോളറിലധികം വില വരുന്ന വാഹനങ്ങൾക്ക് നിലവിലെ 100% ഇറക്കുമതി നികുതി 60 ശതമാനമാക്കി കുറയ്ക്കും. 40000 ഡോളറിൽ കുറവ് വില വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴുള്ള 60 ശതമാനം നികുതി 40% ആക്കി കുറയ്ക്കും.

decides to reduce import duty for electronic vehicles
Author
Delhi, First Published Aug 10, 2021, 11:28 PM IST

ദില്ലി : രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങൾക്ക് മേൽ ചുമത്തുന്ന ഉയർന്ന നികുതിയെക്കുറിച്ച് ടെസ്‌ലയുടെ സിഇഒ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, കേന്ദ്രം നികുതിയിൽ തീരുമാനമെടുത്തു. ഇറക്കുമതി ചെയ്യുന്ന, 40000 ഡോളറിലധികം വില വരുന്ന വാഹനങ്ങൾക്ക് നിലവിലെ 100% ഇറക്കുമതി നികുതി 60 ശതമാനമാക്കി കുറയ്ക്കും. 40000 ഡോളറിൽ കുറവ് വില വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴുള്ള 60 ശതമാനം നികുതി 40% ആക്കി കുറയ്ക്കും. ഇങ്ങനെ രണ്ട് തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ലോകത്തെ വൻകിട കമ്പനിയുടെ വിമർശനത്തിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

ഉദ്യോഗസ്ഥതലത്തിൽ നികുതിയിളവു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ടെസ്‌ലയുടെ വിമർശനത്തിന് അനുകൂലമായ ഒരു തീരുമാനം കേന്ദ്രസർക്കാർ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ കാർ മാർക്കറ്റാണ് ഇന്ത്യ. പ്രതിവർഷം 30 ലക്ഷം കാറുകളാണ് ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുന്നത്. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷവും 20000 ഡോളറിൽ താഴെ വില വരുന്ന വാഹനങ്ങളാണ്. ഇറക്കുമതി നികുതി 40 ശതമാനത്തിലേക്ക് താഴ്ത്തുക എന്നത് താങ്കളുടെ വിൽപ്പനയെ ശക്തിപ്പെടുത്തുമെന്നായിരുന്നു ഇലോൺ മസ്കിന്റെ വിമർശനം.

ഇതിന് ശേഷം രാജ്യത്തെ മോട്ടോർ വാഹന വിപണിയിൽ വലിയ ചർച്ച തന്നെ ഉടലെടുത്തു. മോട്ടോർ വാഹനങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തെ പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തെ ഇത് എങ്ങനെ ബാധിക്കും എന്നായിരുന്നു പ്രധാന ചർച്ച. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യ‍വസ്ഥയെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ ആയിരിക്കും കമ്പനികളുടെ ഭാഗത്തു നിന്നും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ആഭ്യന്തരവിപണിയിൽ ഉത്പാദനം തുടങ്ങണമെന്ന് ടെസ്ലക്ക് മുൻപിൽ കേന്ദ്ര സർക്കാർ നിബന്ധന വച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios