പണ്ട് ചിലര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമോ നേതൃത്വമോ നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടാകില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. ഇന്ന് സാഹചര്യം മാറിയെന്നും പഴയ മുന്‍വിധികളോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൊമാറ്റോ വിട്ടുപോയ പഴയ സഹപ്രവര്‍ത്തകര്‍ക്കായി സ്‌നേഹപൂര്‍വ്വം വാതില്‍ തുറന്നിടുകയാണ് കമ്പനി സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. മുന്‍പ് കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതായും കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഗോയല്‍ മുന്‍ ജീവനക്കാരെ ക്ഷണിച്ചത്. നിങ്ങള്‍ സൊമാറ്റോയില്‍ ജോലി ചെയ്തിരുന്നവരാണെങ്കില്‍, അത് സ്വയം ഒഴിഞ്ഞുപോയതായാലും അതല്ല ഞാന്‍ നിങ്ങളോട് പോകാന്‍ പറഞ്ഞതായാലും ശരി-ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതാണെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പണ്ട് ചിലര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമോ നേതൃത്വമോ നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടാകില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. എന്നാല്‍ ഇന്ന് സാഹചര്യം മാറിയെന്നും പഴയ പിണക്കങ്ങളോ മുന്‍വിധികളോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മടങ്ങിയെത്തിയത് നൂറിലധികം പേര്‍

കമ്പനി 'എറ്റേണല്‍' എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ച ശേഷം ഇതിനകം തന്നെ നൂറിലധികം പേര്‍ തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തൊഴിലിടം ആയി കമ്പനിയെ തെരഞ്ഞെടുത്തെന്നും ഗോയല്‍ വെളിപ്പെടുത്തി. കമ്പനി ഇപ്പോള്‍ കൂടുതല്‍ ചിട്ടയുള്ളതും കൃത്യതയുള്ളതുമായി മാറിയിരിക്കുന്നു. കമ്പനിയുടെ രീതികള്‍ നന്നായി അറിയാവുന്നവര്‍ മടങ്ങിവരുന്നത് ഭാവിയിലേക്കുള്ള വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സിഇഒ അല്ലെങ്കിലും കൂടെയുണ്ട്

സിഇഒ സ്ഥാനത്തുനിന്നും താന്‍ മാറിയതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എറ്റേണലിന്റെ സിഇഒ സ്ഥാനത്ത് താനില്ലാത്തതിനാല്‍ കാര്യങ്ങള്‍ പഴയതുപോലെ ആയിരിക്കില്ല എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. എന്നാല്‍ എറ്റേണലില്‍ പദവികള്‍ക്ക് എന്നെങ്കിലും പ്രാധാന്യമുണ്ടായിരുന്നോ എന്നും താന്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ട് എന്നും അദ്ദേഹം കുറിച്ചു. ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് , ഹൈപ്പര്‍പ്യൂര്‍ , ഡിസ്ട്രിക്റ്റ് , നഗറ്റ് , കൂടാതെ ഫീഡിംഗ് ഇന്ത്യഎന്ന സന്നദ്ധ സംഘടന എന്നിവയുള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ എറ്റേണല്‍ ഗ്രൂപ്പിന് കീഴിലുണ്ട്.