ദില്ലി: വായ്പയുടെ പേരില്‍ ബാങ്കുകള്‍ അവകാശമുന്നയിക്കുന്ന ആസ്തിയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ (പിഎംഎല്‍എ) അടിസ്ഥാനത്തില്‍ കണ്ടുകെട്ടാമെന്ന് ദില്ലി ഹൈക്കോടതി. പിഎംഎല്‍എ നിയമം ലംഘിച്ച് സമ്പാദിച്ച് ആസ്തികളാണെങ്കിലും പാപ്പര്‍ നിയമത്തിനും പാപ്പര്‍ കോഡിനും മേല്‍ക്കൈയുണ്ടെന്ന ട്രൈബ്യൂണല്‍ വിധി ദില്ലി ഹൈക്കോടതി റദ്ദാക്കി. 

ട്രൈബ്യൂണലിന്‍റെ നിലപാട് അംഗീകരിച്ചാല്‍ നിയമ വിരുദ്ധമായി സമ്പാദിച്ച ആസ്തിയിലൂടെ വായ്പ ബാധ്യതയില്‍ നിന്ന് രക്ഷപെടാമെന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത് നിയമത്തിന്‍റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

എന്നാല്‍, ബാങ്കുകള്‍ക്കും മറ്റും അവകാശമുളളതാണ് ആസ്തി എന്നതുകൊണ്ട് പിഎംഎല്‍എ നിയമപ്രകാരം നല്‍കുന്ന കണ്ടുകെട്ടല്‍ ഉത്തരവ് നിയമവിരുദ്ധമാകുന്നില്ല. അതോടൊപ്പം കണ്ടുകെട്ടല്‍ ഉത്തരവുണ്ട് എന്നത് കൊണ്ട് ബാങ്കുകളുടെ അവകാശവും ഇല്ലാതാകുന്നില്ലെന്നും കോടതി പറഞ്ഞു.