Asianet News MalayalamAsianet News Malayalam

ഉയര്‍ന്ന ആദായം ഉറപ്പാക്കുന്നതെങ്ങനെ; ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയൂ

ബാങ്കുകളിലെ എഫ്ഡി നിക്ഷേപം ഇന്ത്യയില്‍ വളരെ ജനപ്രീതിയാര്‍ജിച്ചവയാണ്. സമീപകാലത്ത് മിക്ക ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഉയര്‍ന്ന ആദായം നേടാനുള്ള അവസരവുമുണ്ട്.

depositing fd in banks before you should be checked these 5 factors apk
Author
First Published Oct 22, 2023, 12:38 PM IST

നിക്ഷേപത്തിലൂടെ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇവരിൽ പലപ്പോഴും വിപണിയിലെ അപകട സാധ്യതയെ ഭയപ്പെടുന്നവരാണ്. ഇങ്ങനെയുള്ളവർക്ക് ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപം. നിക്ഷേപ തുക മടക്കിക്കിട്ടണമെന്നും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവരുമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ കൂടുതലും അംഗമാകുന്നത്. ബാങ്കുകളിലെ എഫ്ഡി നിക്ഷേപം ഇന്ത്യയില്‍ വളരെ ജനപ്രീതിയാര്‍ജിച്ചവയാണ്. സമീപകാലത്ത് മിക്ക ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഉയര്‍ന്ന ആദായം നേടാനുള്ള അവസരവുമുണ്ട്. അതേസമയം സ്ഥിര നിക്ഷേപ പദ്ധതികളില്‍ അംഗമാകുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

കാലാവധി

സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിന് മുമ്പെ നിങ്ങളുടെ നിക്ഷേപ കാലാവധി സംബന്ധിച്ച ധാരണയുണ്ടായിരിക്കണം. പൊതുവില്‍ ബാങ്കുകളിലെ എഫ്ഡി നിക്ഷേപിക്കുന്നതിന്റെ കാലാവധി 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണുള്ളത്. കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിച്ചാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകനില്‍ നിന്നും പിഴ ഈടാക്കാറുണ്ട്. അതിനാല്‍ കാലാവധി നിശ്ചയിച്ചുറപ്പിക്കാതെ എഫ്ഡി ആരംഭിക്കുകയും പൂര്‍ത്തിയാകും മുന്നെ പിന്‍വലിക്കുകയും ചെയ്താല്‍ ആകെ ലഭിക്കാമായിരുന്ന പലിശ ആദായത്തിലും ഇടിവുണ്ടാകും. വിവിധ കാലാവധിയിലുള്ള എഫ്ഡി പദ്ധതികളായി തുക വിഭജിച്ച് നിക്ഷേപിക്കുന്നതും ഗുണകരമായ സമീപമനമാണ്.

ALSO READ: 'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്

പലിശ

ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാവുന്ന പലിശകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഈ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് എത്ര പലിശ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് ബാങ്കുകളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് വിവിധ ബാങ്കുകള്‍ വ്യത്യസ്ത തോതിലുള്ള പലിശ നിരക്കുകളായിരിക്കും നല്‍കുന്നത്. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.

ടിഡിഎസ്

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 10,000 രൂപയിലധികം പലിശയായി സ്വീകരിക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കാന്‍ ബാധ്യത നേരിടുകയും സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഇനത്തില്‍ പിടിക്കുകയും ചെയ്യും. അതായത്, ആകെ ലഭിക്കുന്ന പലിശ വരുമാനം 10,000 രൂപ കവിഞ്ഞാല്‍ 10% ടിഡിഎസ് ഈടാക്കിയ ശേഷമുള്ള തുകയാകും നിക്ഷേപകന് ബാങ്ക് കൈമാറുകയെന്ന് സാരം. അതേസമയം നിക്ഷേപകന്റെ ആകെ വരുമാനം നികുതിക്ക് വിധേയമല്ലെങ്കിൽ ബാങ്കിന് മുമ്പാകെ 15ജി/എച്ച് വകുപ്പ് പ്രകാരമുള്ള അപേക്ഷ നല്‍കിയാല്‍ പലിശയില്‍ നിന്നും ടിഡിഎസ് ഈടാക്കുകയില്ല.

ALSO READ; ഭൂമിയിലെ ഏറ്റവും വലിയ ധനിക! അംബാനി, ടാറ്റ, മസ്‌ക്, ബെസോസ് എന്നിവരുടെ ആസ്തി കൂട്ടിയാലും അടുത്തെത്തില്ല

പലിശ നല്‍കുന്ന ഇടവേള

എഫ്ഡി നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ വരവുവെയ്ക്കുന്ന ഇടവേള സംബന്ധിച്ച ബാങ്കിന്റെ നയം, തുടക്കത്തില്‍ തന്നെ വിശദമായി പരിശോധിക്കണം. സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ ഇക്കാര്യം നിര്‍ബന്ധമായും വിലയിരുത്തണം. നേരത്തെ ത്രൈമാസ കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ഒക്കെയായിരുന്നു പലിശ വിതരണം ചെയ്തിരുന്നത്. എന്നാല്‍ സമീപകാലത്തായി മാസം തോറും പലിശ വരുമാനം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍

പൊതുവിഭാഗത്തില്‍ ഉള്ളവരേക്കാള്‍ വ്യത്യസ്തമായ നിരക്കിലാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് എഫ്ഡിയിന്മേല്‍ പലിശ നല്‍കുന്നത്. സാധാരണയായി പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.5% വരെ അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios