ദില്ലി: സമ്പദ്‍വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയില്‍ രാജ്യത്തെ അടിവസ്ത്ര വിപണിയും ആടിയുലയുന്നു. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പനയില്‍ വന്‍ ഇടിവാണുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണിയിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മ്മാതാക്കളായ ഡോളര്‍ കമ്പനിയും വലിയ പ്രതിസന്ധിയിലാണ്. അടിവസ്ത്ര വിപണിയില്‍ ഇങ്ങനെയൊരു ഇടിവ് ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ഡോളര്‍ എം ഡി വിനോദ് ഗുപ്ത പറയുന്നത്. അടിവസ്ത്രം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലെ കുറവ് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഉത്സവ സീസണ്‍ അടിവസ്ത്ര വിപണിയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണെന്നും ഗുപ്ത ചൂണ്ടികാട്ടി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ വലിയ വളര്‍ച്ചയാണ് ഡോളര്‍ കമ്പനി പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11 ശതമാനത്തില്‍ നിന്ന് 15 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകു.

അതേസമയം മറ്റ് പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കള്‍ക്കും വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്നുണ്ടാകുന്നത്. ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്‍റെ തളര്‍ച്ചയാണ്.