Asianet News MalayalamAsianet News Malayalam

ശക്തിയാര്‍ജ്ജിച്ച് ഡോളര്‍ ; ദുര്‍ബലമായി മറ്റു കറന്‍സികള്‍

അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുകയാണ് എന്നാല്‍ വിപണിയിൽ തകർന്ന് തരിപ്പണമായി രൂപ. ചരിത്രത്തിലെ റെക്കോർഡ് തകർച്ചയെയാണ് രൂപ അഭിമുഖീകരിക്കുന്നത്

Dollar strength bucks inflation woes
Author
First Published May 9, 2022, 12:10 PM IST

വിപണിയില്‍ ദുർബലമായി രൂപയടക്കമുള്ള  കറന്‍സികള്‍ക്ക് മുന്‍പില്‍ ശക്തി തെളിയിച്ച് മുന്നേറി ഡോളര്‍. നിലവില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോർഡ് തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. ഡോളറിനെതിരെ രൂപ  77.42 എന്ന നിരക്കിലാണ് നിലവിലുള്ളത്. ചിലിയന്‍ പേസോ 858.91 ലും കൊളമ്പിയന്‍ പോസോ 4059.45 ലും ഇന്തൊനേഷ്യന്‍ റുപിയ 14575.37ലും ഇറാനിയന്‍ റിയാല്‍ 42252.67ലും ജപ്പാനീസ് യെന്‍ 131.15ലും ശ്രീലങ്കന്‍ രൂപ 365.03ലും പാക്കിസ്ഥാനി രൂപ 188.16ലും വിനിമയം തുടരുന്നു.

രൂപ ദുർബലമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ വിതരണ ശൃംഖലയിലയ്ക്കേറ്റ തടസ്സങ്ങളും ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും ഒപ്പം വർധിക്കുന്ന എണ്ണവിലയുമാണ്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് റെക്കോർഡ് ഇടിവിലേക്കാണ് എത്തിയത്. ഇതോടെ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. മറ്റ് ഏഷ്യൻ കറൻസികളും വിപണിയിൽ ബലഹീനത പ്രകടിപ്പിച്ചു. 

അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും വേഗത്തിൽ അതിന്റെ ഉത്തേജന ഇടപെ‌ടലുകൾ കുറയ്ക്കുമെന്ന ആശങ്കകൾക്കിടെ ഡോളറിനെതിരെ രൂപ  77.42 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ രൂപ താഴേക്ക് പതിക്കുകയായിരിന്നു. 

വിപണിയിലെ അപകടസാധ്യത ഉയര്‍ന്നതിലൂടെ താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടു. ഇത് രൂപയ്ക്കേറ്റ വലിയൊരു തിരിച്ചടിയായി. ഇതിലൂടെ ഡോളർ കരുത്താർജ്ജിക്കുകയും മറ്റ് കറൻസികൾ ദുർബലമാകുകയും ചെയ്തു. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വർധിച്ചതോടെ നിരക്കുകൾ ഉയർത്തിയത് നിക്ഷേപകരെ ഭയപ്പെടുത്തി. സാമ്പത്തിക മാന്ദ്യം എന്ന അപകടത്തെ മുൻപിൽ കണ്ടുകൊണ്ട് വിദേശ നിക്ഷേപകർ പിൻവലിഞ്ഞത് രൂപയെ തകർത്തു. മാത്രമല്ല യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബാങ്ക് നിരക്കില്‍ അരശതമാനം വര്‍ധന വരുത്തിയത് ഡോളറിന്റെ കുതിപ്പിന് ആക്കം കൂട്ടി. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയും കുതിക്കുന്ന ഡോളർ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് നിലവിലുള്ളത്. 

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ്  550 പോയിന്‍റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 

ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടിട്ടുള്ളത്. ഈ മാസം ആദ്യത്തെ നാല് ദിനങ്ങളിൽ 6,400 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യൻ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. വിപണിയിൽ നിന്നുമുള്ള വിദേശ നിക്ഷേപകരുടെ ഈ പിൻവാങ്ങൽ രൂപയുടെ മൂല്യത്തെ അതീവ ഗുരുതരമായി ബാധിച്ചു. 

നിലവിൽ 77 രൂപ 20 പൈസക്കാണ് ഡോളറിന്‍റെ ഇടപാടുകള്‍ വിനിമയ വിപണിയില്‍ നടക്കുന്നത്. മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെ ഇതോടെ മറികടന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.

വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. റഷ്യ -  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios