ട്രംപിന്റെ 'ക്രിപ്റ്റോ പ്രേമം' രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിക്കാന്‍ സെനറ്റ് ഉത്തരവിട്ടു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോകറന്‍സി കമ്പനി പാകിസ്ഥാനിലെ കമ്പനിയുമായി വന്‍ ഡീലുണ്ടാക്കിയത് അമേരിക്കന്‍ സെനറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ 'ക്രിപ്റ്റോ പ്രേമം' രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിക്കാന്‍ സെനറ്റ് ഉത്തരവിട്ടു! ട്രംപിനും കുടുംബത്തിനും ഭൂരിപക്ഷം ഓഹരിയുള്ള ക്രിപ്റ്റോ കമ്പനിയായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ , പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഏപ്രില്‍ 26-ന് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല എന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു! വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഇന്‍ക് നേതൃനിരയില്‍ ട്രംപിനെയും മക്കളായ ഡോണള്‍ഡ് ജൂനിയര്‍, എറിക്, കൊച്ചുമകന്‍ ബാരണ്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ 'ചീഫ് ക്രിപ്റ്റോ അഡ്വക്കേറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിപ്റ്റോ ലോകത്ത് ട്രംപിന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു!

എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സെനറ്റ് കടുത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മെയ് 6 മുതല്‍ ഇന്ത്യന്‍ വ്യോമാക്രമണം പാക് ഭീകരകേന്ദ്രങ്ങളില്‍ നടന്ന അതേ സമയം സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനോട്് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലിന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണം, ട്രംപിന്റെ വിദേശ ക്രിപ്റ്റോ ഇടപാടുകളിലെ വൈരുദ്ധ്യങ്ങളും നിയമലംഘനങ്ങളും പരിശോധിക്കും. എന്നാല്‍, കമ്പനി ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലാസ് വെഗാസില്‍ നടന്ന ആഗോള ക്രിപ്റ്റോ ഉച്ചകോടിയില്‍, പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ സ്ഥാപക സി.ഇ.ഒ. ബിലാല്‍ ബിന്‍ സാഖിബ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. പാകിസ്ഥാനും ബിറ്റ്കോയിനും 'മോശം പി.ആറിന്റെ ഇരകളാണെന്ന്' അദ്ദേഹം പറഞ്ഞു. 'ഞങ്ങളെ അപകടകാരികളും, റിസ്‌കുള്ളവരും, അസ്ഥിരരുമായാണ് കാണുന്നത്. പക്ഷേ, ഇവിടെ കഴിവും സാധ്യതയുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഒരു 'തന്ത്രപരമായ ബിറ്റ്കോയിന്‍ റിസര്‍വ്' സ്ഥാപിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ കരാര്‍ പ്രകാരം പാകിസ്ഥാന്‍ ബിറ്റ്കോയിന്‍ ഖനനത്തിനായി 2,000 മെഗാവാട്ട് വൈദ്യുതി അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.