റാവു-മന്‍മോഹന്‍ സിങ് മാതൃക സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക ചിന്താഗതിയിലുള്ള ബലഹീനതയെ നീക്കം ചെയ്യാന്‍ ബിജെപിക്ക് സാധിക്കുമെന്ന് പറക്കാല പ്രഭാകര്‍ പറഞ്ഞു. 

ദില്ലി: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കയറിയിച്ച് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സന്നദ്ധത കാണിക്കുന്നില്ലെന്നും പ്രഭാകര്‍ പറഞ്ഞു. 'എ ലോഡ്സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി' എന്ന തലക്കെട്ടില്‍ 'ദ ഹിന്ദു' ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രഭാകര്‍ ആശങ്ക പങ്കുവെച്ചത്.

നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നതെന്നും രാജ്യത്തെ വിവിധ മേഖലകള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുക എന്നതിലേക്കാണ് ബിജെപിയുടെ സാമ്പത്തിക തത്വശാസ്ത്രം പരിമിതപ്പെട്ടിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ 'ഇതല്ല ഇതല്ല' (നേതി നേതി) എന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ഉദാരവത്ക്കരണത്തിന് വഴിയൊരുക്കിയ നരസിംഹ റാവു- മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബിജെപി സ്വീകരിക്കണമെന്നും പ്രഭാകര്‍ ലേഖനത്തില്‍ പറയുന്നു. റാവു-മന്‍മോഹന്‍ സിങ് മാതൃക സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക ചിന്താഗതിയിലുള്ള ബലഹീനതയെ നീക്കം ചെയ്യാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.