മാക് ഡോണല്‍, ജോണി വാക്കര്‍ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍റുകളുടെ ഉത്പാദകരാണ് യുഎസ്എല്‍. 

മുംബൈ: രാജ്യത്തെ സാമ്പത്തിക രംഗത്തിന്‍റെ മെല്ലെപ്പോക്കില്‍ തിരിച്ചടി പ്രതീക്ഷിച്ച് മദ്യനിര്‍മ്മാതാക്കളും. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാതാക്കളായ യൂണെറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് ആണ് രാജ്യത്തെ കറന്‍സി ക്ഷമം തങ്ങളുടെ കടബാധ്യത വര്‍ദ്ധിക്കാന്‍ ഇടയാക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നത്. 

മാക് ഡോണല്‍, ജോണി വാക്കര്‍ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍റുകളുടെ ഉത്പാദകരാണ് യുഎസ്എല്‍. രാജ്യത്ത് സാമ്പത്തിക രംഗത്ത് കാണുന്ന മെല്ലെപ്പോക്ക് മദ്യവില്‍പ്പനയിലെ ചടുലതയെ പ്രതികൂലമായി ബാധിക്കുന്നതായി യുഎസ്എല്‍ എംഡി ആനന്ദ് കൃപാലുവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പറയുന്നു.

വില്‍പ്പനരംഗത്ത് പണത്തിന്‍റെ ലഭ്യത കുറവാണെന്നത് യാഥാര്‍ത്ഥ്യമാണ്. നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ കച്ചവടക്കാര്‍ക്കിടയില്‍ സ്റ്റോക്ക് വിതരണം ചെയ്താലും അവര്‍ക്ക് അത് വില്‍ക്കാന്‍ സാധിക്കാതെ സ്റ്റോക്ക് ചെയ്യുകയാണ്. അത് അത്യന്തികമായി നിര്‍മ്മാതാക്കളുടെ ബാധ്യത വര്‍ദ്ധിക്കുകയെ ചെയ്യുകയുള്ളൂ- ആനന്ദ് പറയുന്നു.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ വെറും ഒരു ശതമാനം വളര്‍ച്ച മാത്രമാണ് വില്‍പ്പനയില്‍ യുഎസ്എല്ലിന് സംഭവിച്ചത് എന്നത് ആനന്ദിന്‍റെ നിരീക്ഷണത്തിന് ഉദഹാരണമാണെന്ന് ഇ.ടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുന്‍പ് ഇതേ സമയം കമ്പനിയുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയ വളര്‍ച്ച 10.3 ശതമാനം ആയിരുന്നു. 

അതേ സമയം യുണെറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ ഏറ്റവും വലിയ എതിരാളികളായ പെര്‍നോഡ് റിച്ചാര്‍ഡ് കഴിഞ്ഞവര്‍ഷം നേടിയ 34 ശതമാനം വളര്‍ച്ചയില്‍ നിന്നും ഈ വര്‍ഷം രണ്ടാമത്തെ സാമ്പത്തികപാദത്തില്‍ 31 ശതമാനം വളര്‍ച്ചയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യയിലെ മദ്യവില്‍പ്പന മേഖല 12.9 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്.