ഇലോണ്‍ മസ്‌ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിന് നല്‍കാനിരുന്ന 100 മില്യണ്‍ ഡോളറിന്റെ അവസാന ഗഡു സംഭാവന മരവിപ്പിച്ചതായി റിപ്പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം, ഇലോണ്‍ മസ്‌ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിന് നല്‍കാനിരുന്ന 100 മില്യണ്‍ ഡോളറിന്റെ അവസാന ഗഡു സംഭാവന മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. ആകെ 300 മില്യണ്‍ ഡോളറായിരുന്നു മസ്കിന്റെ വാഗ്ദാനം. ട്രംപ് ഭരണകൂടത്തിന്റെയും പ്രധാന നയതീരുമാനങ്ങളോടുമുള്ള ടെസ്ല സിഇഒയുടെ അതൃപ്തി വര്‍ദ്ധിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നത മുറുകിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലത്ത് ശക്തമായിരുന്ന ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സഖ്യം തകരുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മസ്‌ക് വാഗ്ദാനം ചെയ്ത തുകയുടെ അവസാന ഗഡുവായ 100 മില്യണ്‍ ഡോളര്‍ ഇപ്പോഴും നല്‍കിയിട്ടില്ല. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, നയപരമായ അഭിപ്രായവ്യത്യാസങ്ങളും ട്രംപിന്റെ നിയമനിര്‍മ്മാണ അജണ്ടയെക്കുറിച്ചുള്ള മസ്‌കിന്റെ വര്‍ദ്ധിച്ചുവരുന്ന പരസ്യ വിമര്‍ശനങ്ങളും കാരണം ബന്ധം 'വഷളായി' എന്ന് ട്രംപിന്റെ ഉപദേശകര്‍ സ്ഥിരീകരിച്ചു.
ഉടക്കി മസ്ക്
ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ മസ്‌ക് നടത്തിയ പെട്ടെന്നുള്ള ആക്രമണത്തില്‍ ട്രംപ് അമ്പരന്നുപോയതായി ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഹരിത ഊര്‍ജ്ജത്തിനുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടുന്ന ഈ ബില്‍, സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌കിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ഇത് കോടിക്കണക്കിന് ഡോളര്‍ കമ്മി വര്‍ദ്ധിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേധാവി എന്ന നിലയിലുള്ള തന്റെ ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് അറിഞ്ഞപ്പോള്‍ മസ്‌ക് രോഷാകുലനായതും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചു. മസ്‌കുമായുള്ള പിരിമുറുക്കം ഒഴിവാക്കാന്‍ ട്രംപിന്റെ ടീം ആള്‍ട്ട്മാനെ ഒരു പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മങ്ങുന്ന സാന്നിധ്യവും വര്‍ദ്ധിച്ചുവരുന്ന മേല്‍നോട്ടവും
വൈറ്റ് ഹൗസിലേക്കുള്ള മസ്‌കിന്റെ സന്ദര്‍ശനങ്ങള്‍ ഗണ്യമായി കുറഞ്ഞു, ആഴ്ചയില്‍ പലതവണ ഉണ്ടായിരുന്നത് ഇടയ്ക്കിടെ മാത്രമായി. ഏകോപനം മറികടന്ന് മസ്‌ക് പ്രവര്‍ത്തിക്കുന്നതില്‍ ട്രംപിന് അതൃപ്തിയുണ്ടായതിനാല്‍, മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ട്രംപ് നിയമിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.. വര്‍ദ്ധിച്ചുവരുന്ന ഭിന്നതകള്‍ക്കിടയില്‍ മസ്‌ക് തന്റെ രാഷ്ട്രീയ ഇടപെടല്‍ പുനര്‍വിചിന്തനം ചെയ്യുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മസ്‌കിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ട്രംപ് പരസ്യമായി പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടും, 'ഇലോണ്‍ ശരിക്കും പോകുന്നില്ല. അദ്ദേഹം തിരികെ വരും' എന്ന് പറഞ്ഞിട്ടും, വാഗ്ദാനം ചെയ്ത 100 മില്യണ്‍ ഡോളറിന്റെ കാര്യത്തിലെ നിശ്ശബ്ദതയും മസ്‌കിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളും ഈ പങ്കാളിത്തം വേര്‍പിരിയലിലേക്ക് അടുക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ്.


