ചൊവ്വാഴ്ച കര്‍ണാടകയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നതിന്റെ കണക്കുകള്‍ പുറത്ത്

തിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ കര്‍ണാടകയില്‍ ആഘോഷങ്ങള്‍ അണപൊട്ടിയൊഴുകിയെങ്കിലും, വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ദുരന്തമായി മാറി. ഇതിനിടെയാണ് ചൊവ്വാഴ്ച കര്‍ണാടകയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നതിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വില്‍പ്പന വരുമാനമാണ്. 148,000 പെട്ടി ബോട്ടില്‍ഡ് ബിയര്‍ വിറ്റഴിച്ചതിലൂടെ 30.66 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 36,000 പെട്ടി ബിയര്‍ മാത്രമാണ് വിറ്റഴിച്ചത്, അതിലൂടെ 6.29 കോടി രൂപയായിരുന്നു വരുമാനം. മറ്റ് മദ്യവില്‍പ്പനയിലൂടെ 128,000 പെട്ടികള്‍ വിറ്റഴിച്ചപ്പോള്‍ 127.88 കോടി രൂപ ലഭിച്ചു. 2024 ജൂണ്‍ 3-ന് ഈ വിഭാഗത്തില്‍ 19.41 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ഒരു ദിവസം മാത്രം സംസ്ഥാനത്തിന് 157.94 കോടി രൂപയുടെ മദ്യവരുമാനം ലഭിച്ചു, ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തെക്കാള്‍ 132.24 കോടി രൂപ കൂടുതലാണിത്

18 സീസണുകള്‍ക്ക് ശേഷം ആര്‍സിബി ഐപിഎല്‍ ട്രോഫി നേടിയതിനെ തുടര്‍ന്നുണ്ടായ ആവേശമാണ് റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് പിന്നില്‍. നഗരങ്ങളിലും പട്ടണങ്ങളിലും വലിയ ആഘോഷങ്ങള്‍ ആയിരുന്നു സംഘടിപ്പിച്ചത്. ബെംഗളൂരു ആയിരുന്നു പ്രധാന കേന്ദ്രം. ആളുകള്‍ തെരുവുകളിലിറങ്ങുകയും പടക്കം പൊട്ടിക്കുകയും റോഡുകളിലും വാഹനങ്ങളിലും നൃത്തം ചെയ്യുകയും ടീം ജേഴ്‌സിയണിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു .കര്‍ണ്ണാടകയിലെങ്ങും മദ്യശാലകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു, ചിലര്‍ ഫ്‌ലൈഓവറുകളില്‍ മദ്യക്കുപ്പികളുമായി ആഘോഷിച്ചു. ആരാധകര്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുന്നതിനായി മദ്യപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായി. കൃത്യമായ നികുതി വരുമാനം മുഖ്യമന്ത്രിയുടെ ഓഫീസോ എക്‌സൈസ് വകുപ്പോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇത് 'അസാധാരണമായി ഉയര്‍ന്നതാണ്' എന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.