മിക്ക ധനികരും ആസ്വദിക്കുന്ന കാര്യങ്ങൾക്കായി മസ്ക് ഒരുപാട് പണം ചെലവഴിക്കാറില്ല. ഉദാഹരണത്തിന് ബംഗ്ലാവുകൾ, ഭക്ഷണം, വിലയേറിയ കാറുകൾ തുടങ്ങിയവയ്ക്കൊന്നും മസ്ക് വലിയ ചെലവ് വരുത്താറില്ല,
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ടെസ്‌ല,സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. 42,390 കോടി ഡോളറാണ് മസ്കിന്റെ ആസ്തി. അതായത്, 3,60,83,07,11,50,000 രൂപ! ഇത്രയൊക്കെ ആണെങ്കിലും ഒരു സാധാരണ കോടീശ്വരനെപ്പോലെ ജീവിക്കാൻ മസ്ക് ആഗ്രഹിക്കുന്നില്ല എന്നാണ് കിംവതന്തി. കാരണം മിക്ക ധനികരും ആസ്വദിക്കുന്ന കാര്യങ്ങൾക്കായി മസ്ക് ഒരുപാട് പണം ചെലവഴിക്കാറില്ല. ഉദാഹരണത്തിന് ബംഗ്ലാവുകൾ, ഭക്ഷണം, വിലയേറിയ കാറുകൾ തുടങ്ങിയവയ്ക്കൊന്നും മസ്ക് വലിയ ചെലവ് വരുത്താറില്ല, ലളിതമായ ജീവിതശൈലിയാണ് മസ്‌ക് ഇഷ്ടപ്പെടുന്നത്. 2020 മെയ് മാസത്തിൽ ഒരു ട്വിറ്റർ പോസ്റ്റിൽ മസ്ക് തന്റെ എല്ലാ വീടുകളും വിൽക്കുന്നതായി പറഞ്ഞിരുന്നു. സ്വത്തുക്കൾ ഭാരമാണെന്നും ആഡംബരത്തിൽ തനിക്ക് വലിയ താൽപ്പര്യമില്ലെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ ഒരിക്കലും ആഢംബരം കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇതാ:
വീട്
2020 നും 2021 നും ഇടയിൽ ഇലോൺ മസ്‌ക് വിറ്റത് 7 വീടുകൾ ആണ്. ഏകദേശം 100 മില്യൺ ഡോളറിന് ആണ് ഇവ വിറ്റത്. പിന്നീട് ടെക്‌സാസിലെ സ്‌പേസ് എക്‌സ് സൈറ്റിനടുത്തുള്ള ഒരു ചെറിയ ബോക്‌സബൽ വീട്ടിലേക്ക് താമസം മാറിയതായാണ് റുപ്പോർട്ട്. വീടിന്റെ വലിപ്പം 375 ചതുരശ്ര അടി മാത്രമാണ്, അതായത്, ചില സ്റ്റുഡിയോ അപ്പാർട്ടുമെന്റുകളേക്കാൾ ചെറുത്. ഇതിൻ്റെ വില 50,000 ഡോളർ മാത്രമാണ്.
ഭക്ഷണം
മസ്‌ക് തന്റെ ആദ്യകാലങ്ങളിൽ ഒരു ദിവസം ഒരു ഡോളർ കൊണ്ട് അതിജീവിക്കാൻ ശ്രമിച്ചിരുന്നുവെന്നും മിച്ചമുള്ള ഓരോ ഡോളറും തന്റെ ബിസിനസിൽ ചെലവഴിച്ചുവെന്നും നീൽ ഡിഗ്രാസ് ടൈസണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വെറും ഒരു ഡോളർ വെച്ചായിരുന്നു അന്ന് മസ്ക് ഭക്ഷണം കഴിച്ചിരുന്നത്.
വിലയേറിയ ഫർണിച്ചർ
മസ്കിന്റെ മുൻ പങ്കാളിയായ ഗ്രിംസ് ഒരിക്കൽ വാനിറ്റി ഫെയറിനോട് പറഞ്ഞത് ഇങ്ങനെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ എന്നപോലെയാണ് ചില സമയങ്ങളിൽ ജീവിച്ചിരുന്നത്. വിലയേറിയ ഒന്നും തന്നെ വീട്ടിൽ ഇല്ലായിരുന്നെന്നും ഗ്രിംസ് വ്യക്തമാക്കിയിരുന്നു.
കാർ
മസ്‌ക് ഒരിക്കൽ 1 മില്യൺ ഡോളറിന്റെ മക്ലാരൻ എഫ്1 കാർ വാങ്ങിയിരുന്നെങ്കിലും കാറ്‍ അപകടത്തിൽ തകർന്നു. ഇത് ഇൻഷുറൻസ് ചെയ്തിരുന്നില്ല എന്ന് മസ്ക് പിന്നീട് പറഞ്ഞിരുന്നു. പിന്നീട് ഒരിക്കലും മസ്ക് ഒരു ആഢംബര കാർ വാങ്ങിയില്ല. ഇപ്പോൾ പ്രധാനമായും ടെസ്‌ല കാറുകളാണ് മസ്ക് ഉപയോഗിക്കുന്നത്


