പരാഗ് അഗർവാളിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഇലോൺ മസ്‌ക് ഇനി ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക്. ട്വിറ്ററിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങൾ  

ടെസ്‌ല ഇൻ‌കോർപ്പറേഷനും സ്പേസ് എക്‌സിനും ഒപ്പം സോഷ്യൽ മീഡിയ ഭീമന്റെ ചുക്കാൻ പിടിക്കാൻ ഇലോൺ മസ്‌ക്. 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയാക്കി ശതകോടീശ്വരൻ ട്വിറ്ററിനെ ഏറ്റെടുത്തു. മണിക്കൂറുകൾക്ക് ശേഷം ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയ വാർത്തയും എത്തി. ഇപ്പോൾ പരാഗിന് പകരം ട്വിറ്റർ സിഇഒ ആയി മസ്‌ക് എത്തുമെന്നാണ് റിപ്പോർട്ട്.

ആറ് മാസത്തെ തർക്കത്തിന് ശേഷമാണ് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. വ്യാജ അക്കൗണ്ടുകൾ കുറിച്ച് തെറ്റായ വിവരം നൽകി കബളിപ്പിക്കുകയായിരുന്നു പരാഗ് അഗർവാൾ അടക്കമുള്ള ഉദ്യോഗസ്ഥർ എന്ന് മസ്‌ക് ആരോപിക്കുന്നു. ശരിയായ വിവരങ്ങൾ നൽകാതെ മറച്ചുവെച്ച ട്വിറ്റർ നടപടിക്കെതിരെ മസ്‌ക് പ്രതികരിച്ചിരുന്നു. തുടർന്ന് 44 ബില്യൺ ഡോളർ കരാറിൽ നിന്നും പിന്മാറുമെന്ന് അറിയിക്കുകയും ചെയ്തു. പിന്മാറി കരാർ ലംഘിച്ചതിന് ട്വിറ്റർ മസ്കിനെതിരെ നിയമ നടപടി സ്വീകരിച്ചു. 

മസ്കിന് എതിരെ കോടതിയിൽ പോരാട്ടം നടത്തിയത് പരാഗ് അഗർവാൾ ആയിരുന്നു. അതിനാൽ തന്നെ ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയിൽ തന്റെ എതിരാളികളെ മസ്‌ക് പുറത്താക്കി. സി ഇ ഒയെ പിരിച്ചുവിട്ടതിന് ശേഷം മസ്‌ക് ഇടക്കാല സി ഇ ഒ ആയേക്കുമെന്നാണ് സൂചന. 

മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വലിയ മറ്റങ്ങൾ ഉണ്ടായേക്കാം. ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നിന്നും മുൻപ് പുറത്താക്കിയ ആളുകൾക്ക് തിരികെ വീണ്ടും അനുമതി നല്കാൻ സാധ്യത ഉണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകൾ ട്വിറ്റർ പൂട്ടികെട്ടിയിരുന്നു. വിദ്വേഷ ചുവയുള്ള പോസ്റ്റുകൾ പങ്കുവെച്ചതിനാലും നിരവധിപേരുടെ അക്കൗണ്ടുകൾ ട്വിറ്റർ ഒഴിവാക്കിയിട്ടുണ്ട്.