Asianet News MalayalamAsianet News Malayalam

പുതിയ നീക്കവുമായി മസ്‌ക്; ടെസ്ലയുടെ 700 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നു

ട്വിറ്റര്‍ വാങ്ങുന്നതിനായി പണം കണ്ടെത്താന്‍ ഏപ്രിലില്‍ ഏകദേശം 850 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മസ്‌ക് വിറ്റതിന് ശേഷമാണ് വീണ്ടും ടെസ്ലയുടെ ഓഹരികള്‍ വിറ്റത്.

Elon Must sold Tesla shares
Author
Washington D.C., First Published Aug 10, 2022, 4:58 PM IST

വാഷിംഗ്ടണ്‍: ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ  7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്.

ട്വിറ്ററുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും  ചില ഇക്വിറ്റി പങ്കാളികള്‍ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ടെസ്ല സ്റ്റോക്കിന്റെ അടിയന്തര വില്‍പ്പന ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ചൊവ്വാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറാനുള്ള ശ്രമത്തെ തുടര്‍ന്ന് ടെസ്ല മേധാവിയുമായി ട്വിറ്റര്‍ നിയമ പോരാട്ടത്തിലാണ്. ഒക്ടോബറില്‍ വിചാരണ ആരംഭിക്കുമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അറിയിച്ചു. 

'ധൈര്യമുണ്ടെങ്കിൽ പൊതു സംവാദത്തിന് വരൂ'; ട്വിറ്റർ സിഇഒയെ വെല്ലുവിളിച്ച് ഇലോൺ മസ്‌ക്

44 ബില്യണ്‍ ഡോളര്‍ ഇടപാടിന് മുമ്പ് ട്വിറ്റര്‍ വഞ്ചന നടത്തിയെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ ബിസിനസിനെക്കുറിച്ച് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് മസ്‌കും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ വാങ്ങുന്നതിനായി പണം കണ്ടെത്താന്‍ ഏപ്രിലില്‍ ഏകദേശം 850 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മസ്‌ക് വിറ്റതിന് ശേഷമാണ് വീണ്ടും ടെസ്ലയുടെ ഓഹരികള്‍ വിറ്റത്. ടെസ്ലയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 44 ബില്ല്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ വാങ്ങുന്നതായി മസ്‌ക് അറിയിച്ചത്. ലോകത്തെ ഏറ്റവും മൂല്യമേറിയ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിൽ നിന്നും ഇലോൺ മസ്‌ക് മസ്‌ക് പിന്മാറിയിരുന്നു.  ട്വിറ്റർ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് അവസാനിപ്പിച്ചത്. ഇതിനെ തുടർന്ന് ട്വിറ്റർ ബോർഡ്, എലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്.

Follow Us:
Download App:
  • android
  • ios