ബജറ്റ് ഹോട്ടല്‍ ബുക്കിങ് ശ്യംഖലയായ ഓയോ റൂംസും കേരളത്തിലെ ഹോട്ടല്‍ ഉടമകളും തമ്മിലുളള തര്‍ക്കം മുറുകുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഇന്നും നാളെയും ഓയോ വഴിയുളള ഹോട്ടല്‍ ബുക്കിങ് സ്വീകരിക്കില്ലെന്ന് എറണാകുളത്തെ ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി. ഇതോടെ രണ്ട് ദിവസവും റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ വലയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍, മുന്‍ ബുക്കിങ്ങുകള്‍ അനുസരിച്ചുളള സേവനങ്ങളില്‍ തടസ്സം നേരിടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) എറണാകുളം ജില്ല പ്രസിഡന്‍റ് അസീസ് മൂസ അറിയിച്ചു.

കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ഓയോ റൂംസ് ആരോപിച്ചു. ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഓയോ റൂംസ് പറയുന്നു. ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിക്കില്ലെന്ന് ചിലര്‍ പറയുന്നത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും, ഫ്രാഞ്ചൈസികളുമായുളള ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് സൗഹാര്‍ദ്ദപരമായി അവസാനിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. വളരെ ചെറിയ വിഭാഗം ഹോട്ടല്‍ ഉടമകള്‍ മാത്രമാണ് തങ്ങളെ ബഹിഷ്കരിക്കുന്നതെന്നാണ് ഓയോയുടെ പക്ഷം. 

എന്നാല്‍, എറണാകുളത്ത് ഓയോ ബുക്കിങ് എടുക്കുന്ന 75 ല്‍ 65 ഓളം ഹോട്ടല്‍ ഉടമകള്‍ ബഹിഷ്കരണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കെഎച്ച്ആര്‍എയുടെ അവകാശവാദം. അധിക ചാര്‍ജുകളും അനാവശ്യ പെനാല്‍റ്റികളും ഹോട്ടലുകള്‍ക്ക് ചുമത്തുന്നതായാണ് ഉടമകളുടെ പരാതി. ഇത് വ്യവസായത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നു. ജിഎസ്ടി നികുതി വെട്ടിപ്പും അനാവശ്യ എഗ്രിമെന്‍റുകളും മൂലം സര്‍ക്കാരിനെയും ഹോട്ടല്‍ ഉടമകളെയും ഓയോ പറ്റിക്കുകയാണ്. ഓയോയുമായുളള എഗ്രിമെന്‍റ് അവസാനിപ്പിച്ച് പോകാന്‍ ഏതെങ്കിലും ഉടമ ശ്രമിച്ചാല്‍ ലൈസന്‍സ് അവസാനിപ്പിക്കുന്നതില്‍ കാലതാമസം വരുത്തി ബുദ്ധിമുട്ടിക്കുമെന്നും അസീസ് മൂസ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഇത് അവരുടെ ട്രിക്കാണ്

ബുക്കിങ് നടത്തിയതിന്‍റെ പേമെന്‍റുകള്‍ ലഭിക്കാന്‍ വലിയ കാലതാമസമാണ് ഇപ്പോള്‍ നേരിടുന്നത്. നേരത്തെ എല്ലാം മാസവും പത്താം തീയതി ഓയോയില്‍ നിന്ന് പേമെന്‍റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് 20 ആകുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും സ്ഥാപനം നടത്തിക്കോണ്ട് പോകാനും പല മാസവും ബുദ്ധിമുട്ട് അനുഭവിക്കുന്നതായും അസീസ് മൂസ വ്യക്തമാക്കി.  

ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ല ഇന്ത്യയില്‍ എല്ലായിടത്തും ഈ പ്രതിസന്ധിയുണ്ട്. ഇതുവരെ പ്രശ്നം ഉന്നയിച്ച് ഞങ്ങള്‍ സര്‍ക്കാരിന്‍റെ മുന്നില്‍ പോയിട്ടില്ല. അടുത്ത ദിവസം തന്നെ സര്‍ക്കാരിന്‍റെ മുന്നില്‍ പ്രശ്നം അവതരിപ്പിക്കും. ബഹിഷ്കരണം കേരളം മൊത്തം വ്യാപിപ്പിക്കുന്നതിനും ആലോചനയുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാവണം എന്ന് ഓയോയോട് ആവശ്യപ്പെട്ടപ്പോള്‍ അസോസിയേഷനോട് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ അറിയിച്ചത്. ഓരോ ഉടമകളോടായി മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറൊളളൂ എന്ന നിലപാടാണ് ഓയോയുടേത്. അത് ട്രിക്കാണ് ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കാനുളള ട്രിക്ക്. അസോസിയേഷനുമായി ചര്‍ച്ച ചെയ്താല്‍ അവര്‍ക്ക് ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. ഗുജറാത്തിലും പഞ്ചാബിലും ഇങ്ങനെ അംഗീകരിക്കേണ്ടി വന്നിരുന്നുവെന്ന് ജില്ലാ പ്രസിഡന്‍റ് അസീസ് മൂസ പറയുന്നു.