രാജ്യത്തെ യുവാക്കൾക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇഎസ്‌ഐസി. ഫെബ്രുവരിയിൽ 11,000 പുതിയ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദില്ലി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ 2023 ഫെബ്രുവരി മാസത്തിൽ 16.03 ലക്ഷം വരിക്കാരെ ചേർത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം പുറത്തുവിട്ട താൽക്കാലിക പേറോൾ ഡാറ്റ പ്രകാരമുള്ള കണക്കാണിത്. കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്‌ഐ) സ്‌കീമിന് കീഴിൽ 11,000 പുതിയ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ മാസം 7.42 ലക്ഷം ജീവനക്കാരെ ചേർത്തതായും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പുതിയ രജിസ്‌ട്രേഷനുകളിൽ 25 വയസ്സ് വരെ പ്രായമുള്ള ജീവനക്കാരാണ് കൂടുതലായുള്ളത്. രാജ്യത്തെ യുവാക്കൾക്ക് രാജ്യത്ത് നല്ല തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

ALSO READ: സൂക്ഷിച്ചാൽ കാശ് പോകില്ല; മെയ് മുതൽ ഈ ബാങ്കിന്റെ എടിഎം ഇടപാടുകൾക്ക് ചെലവേറും

കൂടാതെ, മൊത്തം 49 ട്രാൻസ്ജെൻഡർ ജീവനക്കാരും ഇഎസ്ഐ സ്‌കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനുള്ള ഇഎസ്‌ഐസിയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും, പ്രസ്താവനയിൽ പറയുന്നു

2022 ആഗസ്റ്റിൽ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 14.62 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി എൻഎസ് ഒ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഎസ്‌ഐസിയിൽ ആകെയുളള പുതിയ എന്റോൾമെന്റുകൾ 2020-21 ലെ 1.51 കോടിയിൽ നിന്ന് 2021-22 ലെത്തിയപ്പോൾ 1.49 കോടിയായി ഉയർന്നു. 2019-20 ല്ഡ 1.51 കോടി അംഗങ്ങളും, 201819 സാമ്പത്തിക വർഷത്തിൽ ആകെ 1.49 കോടി പേരുമാണ് പുതുതായി ഇഎസ്‌ഐ പദ്ധതിയിൽ ചേർന്നത്.രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇഎസ്‌ഐ കോർപ്പറേഷന്റെ കണക്കുകളായിരുന്നു ഇത്. 2017 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനും ഇടയിൽ 3.1 കോടി പുതിയ വരിക്കാർ ഇഎസ്‌ഐസി പദ്ധതിയിൽ ചേർന്നിട്ടുണ്ട്.