ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ തയ്യാറായി പ്രമുഖ ഗൾഫ് എയർലൈൻ സർവീസായ ഇത്തിഹാദ് രംഗത്ത്. ചില ഉപാധികൾ മുന്നോട്ട് വച്ച് കുറച്ച് ഓഹരികൾ കൂടി വാങ്ങാനാണ് ഇത്തിഹാദിന്റെ നീക്കം. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ കമ്പനിയായിരുന്നു ജെറ്റ് എയർവേസ്. 

എന്നാൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ചെലവ് കുറഞ്ഞ വിമാന സർവീസുകളുടെ വരവോടെ ജെറ്റ് എയർവേസ് പ്രതിസന്ധി നേരിട്ടുതുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ജെറ്റ് എയർവേസ് സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കാനാകില്ലെന്ന് എസ്ബിഐയും നിലപാട് എടുത്തു. 

ജെറ്റ് എയർവേസ് ബാങ്കുകൾക്ക് നൽകാനുള്ള 8400 കോടി രൂപയുടെ കടം പി‍ടിച്ചെടുക്കാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം കണ്ടെത്തിയ വഴി കമ്പനി തന്നെ വിൽക്കുക എന്നതായിരുന്നു. ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെയുള്ള മറ്റുബാധ്യതകളും കൂടി വരുമ്പോൾ ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ ഇരുപതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരും. എത്തിഹാദ് ഉൾപ്പെടെ നാല് വൻകിട കമ്പനികളാണ് ജെറ്റ് എയർവേസിൽ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. 

ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാനായി വായ്പാദാതാക്കളായ ബാങ്കുകൾ അപേക്ഷ ക്ഷണിച്ചപ്പോഴാണ് സോപാധിക ഓഫറുമായി ഇത്തിഹാദ് രംഗത്തെത്തിയത്. എന്നാൽ ജെറ്റ് എയർവേസിന്‍റെ മുഴുവൻ ഓഹരികളും വാങ്ങാൻ തയ്യാറല്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ജെറ്റ് എയർവേസിൽ കുറച്ച് ഓഹരികൾ ഇപ്പോൾത്തന്നെ ഇത്തിഹാദിന്‍റെ പേരിലുണ്ട്. 26 വർഷം പഴക്കമുള്ള ജെറ്റ് എയർവേസ് അതിന്‍റെ പ്രതാപകാലത്ത് 120 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 600 സർവീസുകൾ വരെ നടത്തിയിരുന്നു.