ബാംഗ്ലൂര്‍: കഫേ കോഫീ ഡേ (സിസിഡി) ഡയറക്ടര്‍ ബോര്‍ഡ് ഏണ്‍സ്റ്റ് ആന്‍ഡ് യെങ് (ഇവൈ) ഓഡിറ്റായി നിയമിച്ചു. സിസിഡിയുടെ ബുക്ക് ഓഫ് അക്കൗണ്ട്സ് പരിശോധന ഇവൈ വരും ദിവസങ്ങളില്‍ ആരംഭിക്കും. കഴിഞ്ഞ മാസം മരണമടഞ്ഞ സിസിഡി സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ കത്തിലെ പരാമര്‍ശങ്ങള്‍ ഇവൈ പ്രത്യേകമായി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിസിഡിക്ക് തന്ത്രപരമായ ഉപദേശങ്ങള്‍ നല്‍കാന്‍ സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് ഉപദേശകനെ നിയമിക്കാനും കോഫീ ഡേ ബോര്‍ഡ് തീരുമാനിച്ചു. പ്രമുഖ കമ്പനിയുടെ ഭാഗമായ പ്രഗത്ഭനായ ഒരാളെയാണ് സിസിഡി ബോര്‍ഡ് ഇതിനായി തിരയുന്നത്. തന്‍റെ ഒപ്പമുളളവര്‍ക്കോ, ഓഡിറ്റര്‍മാര്‍ക്കോ, ഉന്നത മാനേജ്മെന്‍റ് അംഗങ്ങള്‍ക്കോ, ബോര്‍ഡിനോ തന്‍റെ വ്യക്തപരമായ സാമ്പത്തിക ‌ഇടപാടുകളെ സംബന്ധിച്ച് അറിവില്ലെന്ന സിദ്ധാര്‍ത്ഥയുടെ പരാമര്‍ശം നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

ഇത്തരത്തിലുളള സിദ്ധാര്‍ത്ഥയുടെ സാമ്പത്തിക ഇടാപാടുകളെ സംബന്ധിച്ചും സിസിഡിയുടെ സാമ്പത്തിക നയത്തെപ്പറ്റിയും ഇവൈ ഫോറന്‍സിക് ഓഡിറ്റ് നടത്തിയേക്കും. ഇത്തരത്തില്‍ വിശ്വാസ്യതയുളള ഓഡിറ്ററുടെ ഇടപെടലിലൂടെ സിസിഡിക്ക് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. സിദ്ധാരത്ഥയുടെ ഉടമസ്ഥതതയിലുളള മറ്റ് കമ്പനികളിലും ഇവൈ ഓഡിറ്റ് നടത്തും.