സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ശാഖയില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപ വായ്പ എടുക്കാനാണ് വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

തിരുവനന്തപുരം: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ക്ലര്‍ക്കുമാരായിരുന്ന ടി. സെല്‍വരാജിനെയും എന്‍. അജിത്കുമാറിനെയുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

ടി. സെല്‍വരാജിന് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചപ്പോള്ഡ മറ്റൊരു പ്രതിയായ എന്‍. അജിത്കുമാറിന് നാല് വർശം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. എന്‍. അജിത്കുമാറിനെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. ശ്രീകുമാർ എന്ന സ്വകാര്യ വ്യക്തിക്ക് ലോണ്‍ എടുക്കാന്‍ വേണ്ടിയാണ് ഇവര്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നൽകിയത്. ഇയാള്‍ തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.

ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എസ്.ബി.ഐയുടെ എ.കെ.ജി സെന്റര്‍ ശാഖയില്‍ നിന്ന് 4,10,000 രൂപയുടെ ലോൺ എടുക്കാന്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ ക്ലര്‍ക്കുമാർക്ക് വ്യാഴാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി എസ് സുരേഷ് ബാബു രജിസ്റ്റർ ചെയ്ത കേസ് പോലീസ് സൂപ്രണ്ട് ആര്‍.ഡി അജിത്‌, മുന്‍ ഡി.വൈ.എസ്.പി ടി. അജിത് കുമാർ എന്നിവരാണ് അന്വേഷിച്ചത്. മുൻ പൊലീസ് സൂപ്രണ്ട് എസ് രാജേന്ദ്രനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാര്‍ എല്‍.ആര്‍ ഹാജരായി. കേസിലെ മറ്റു പ്രതികള്‍ മരണപ്പെട്ടു പോയതിനാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയായ ശ്രീകുമാറിനെ കേസില്‍ വെറുതെ വിട്ടു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ്‍ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ വിനോദ്‌കുമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...