Asianet News MalayalamAsianet News Malayalam

415 കിലോമീറ്റർ യാത്ര ചെയ്ത് 205 കിലോ ഉള്ളി വിറ്റു, കർഷകന് കിട്ടിയത് വെറും എട്ടുരൂപ!

ഉൽപ്പന്നങ്ങൾക്ക് തുച്ഛമായ വില ലഭിക്കുമ്പോൾ കർഷകരുടെ ജീവിത നിലവാരം എങ്ങനെ ഉയരുമെന്നും പലരും ചോദിച്ചു. നവംബർ 22നാണ് സംഭവം. ബിൽ പ്രകാരം 205 കിലോ ഉള്ളിക്ക് ആകെ വിലയായി കിട്ടിയത് 410 രൂപയാണ്.

Farmer travels 415 km to Bengaluru for sale onion gets Rs 8.35 for 205 kg
Author
First Published Nov 30, 2022, 3:23 PM IST

ബെം​ഗളൂരു: 415 കിലോമീറ്ററ്‍ യാത്ര ചെയ്ത് 205 കിലോ വലിയ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് വെറും 8.36 രൂപയെന്ന് ആക്ഷേപം. കർണാടകയിലെ ഗഡഗിൽ നിന്നുള്ള കർഷകനാണ് ദുരനുഭവം. 415 കിലോമീറ്റർ സഞ്ചരിച്ച് ബംഗളൂരുവിലെത്തിച്ച 205 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും 8.36 രൂപയാണെന്ന് കോൺ​ഗ്രസ് പ്രവർത്തകനായ സംരഭകൻ ട്വീറ്റ് ചെയ്തു. കർഷകന് ലഭിച്ച ബില്ലിന്റെ ഫോട്ടോ സഹിതമാണ് അർജുൻ എന്നയാൾ ട്വീറ്റ് ചെയ്തത്. ഇയാൾ കർഷകനും സംരഭകനുമാണെന്ന് അവകാശപ്പെടുന്നു. ട്വീറ്റ് വൈറലായി.

ഉൽപ്പന്നങ്ങൾക്ക് തുച്ഛമായ വില ലഭിക്കുമ്പോൾ കർഷകരുടെ ജീവിത നിലവാരം എങ്ങനെ ഉയരുമെന്നും പലരും ചോദിച്ചു. നവംബർ 22നാണ് സംഭവം. ബിൽ പ്രകാരം 205 കിലോ ഉള്ളിക്ക് ആകെ വിലയായി കിട്ടിയത് 410 രൂപയാണ്. കയറ്റിറക്ക് കൂലിയായി 401 രൂപ കൊടുക്കേണ്ടി വന്നു. ബാക്കി തുകയാണ് കർഷകന് കിട്ടിയത്. ഇങ്ങനെയാണോ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാറുകൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉള്ളിക്ക് ചില്ലറ വിൽപനയിൽ 50 രൂപ ഈടാക്കുമ്പോഴാണ് കർഷകന് തുച്ഛമായ വില ലഭിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. ഈ സ്ഥിതി തുടർന്നാൽ കർഷകരുടെ അവസ്ഥ പരിതാപകരമാകുമെന്നും അഭിപ്രായമുയർന്നു. 

Farmer travels 415 km to Bengaluru for sale onion gets Rs 8.35 for 205 kg

അതിനിടെ ന്യായമായ വില ലഭിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് മഹാരാഷ്ട്രയിലെ കർഷകർ സംസ്ഥാന സർക്കാറിന് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസൽഗാവ് മാണ്ഡിയിലെ (മൊത്തവ്യാപാര മാർക്കറ്റ്) കർഷകർ ലേലം നിർത്തിവെക്കുമെന്നും അന്ത്യശാസനം നൽകി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ ലസൽഗാവ് മണ്ഡിയിൽ കർഷകർക്ക് ഒരു കിലോക്ക് ശരാശരി 7-10 രൂപ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോ ഉള്ളി കൃഷി ചെയ്യാൻ ശരാശരി 22-25 രൂപയാണ് ചെലവ്. സാധാരണ നവംബറിൽ ഉള്ളി വിലയിൽ വർധനവ് വരേണ്ടതാണ്. എന്നാൽ നാഫെഡ് തുടർച്ചയായി ഉള്ളി വിപണിയിൽ ഇറക്കുന്നതിനാൽ വില താഴ്ന്നു. 

 

 

വില സുസ്ഥിരമാക്കാനും ഭക്ഷ്യ വിലക്കയറ്റം തടയാനുമായാണ് നാഫെഡ് 250,000 ടൺ ഉള്ളി സംഭരിച്ചത്. എന്നാൽ ഇത് കർഷകർക്ക് തിരിച്ചടിയായി. ദീപാവലിക്ക് ശേഷം വില വർദ്ധിച്ചിരുന്നു. ക്വിന്റലിന് 2,800-3,000 രൂപ നിരക്കിലാണ് അന്ന് വിറ്റത്. എന്നാൽ നാഫെഡ് കൂടുതൽ ഉള്ളി വിപണിയിലിറക്കിയതോടെ വില താഴെപ്പോയെന്ന് കർഷകർ ആരോപിച്ചു. രാജ്യത്ത് ഉള്ളിയുടെ ശരാശരി ചില്ലറ വില 30.16 രൂപയാണ്  ഡിസംബറോടെ അടുത്ത വിളയും വിപണിയിലെത്തുന്നതോടെ വില ഇനിയും കുറയുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios