ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.7 ശതമാനമെന്ന റിപ്പോര്‍ട്ട് സ്ഥിരതയുടെ സൂചനയാണെന്ന് നിര്‍മ്മല സീതാരാമന്‍. ഈ സംഖ്യയില്‍ വലിയ കുതിപ്പോ, ഇടിവോ പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന്‌റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ധനമന്ത്രി ജിഡിപി വിഷയത്തിലെ അഭിപ്രായം വ്യക്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. ഇത്തവണ ഇത്
4.7 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. നേരിയ മുന്നേറ്റം നേടാനായത് ഇന്ത്യന്‍ വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നിര്‍മ്മല പറഞ്ഞു. രോഗം രണ്ടോ മൂന്നോ ആഴ്ച കൂടി ഇതേ നിലയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂവെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. മരുന്ന് വ്യവസായം, ഇലക്ട്രോണിക് വ്യവസായം എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.

എന്നാല്‍ ഈ വര്‍ഷം തന്നെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6% ആയി ഉയര്‍ത്തും എന്നാണ് ധനമന്ത്രാലയം അവകാശപ്പെട്ടത്. കൊവിഡ് 19 ബാധയടക്കമുള്ളവ സാമ്പത്തികമേഖലയില്‍ കനത്ത പ്രഹരമേല്‍പിച്ച സാഹചര്യത്തിലും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയും, വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലും അത്തരമൊരു ലക്ഷ്യം നടപ്പാകുന്ന ഒന്നല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ പ്രവചിച്ചിരുന്നതാണ്.