ജൂലൈ 1 മുതൽ ആദായനികുതി റിട്ടേൺ, സൗജന്യ ആധാർ അപ്ഡേറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആർബിഐയുടെ പുതിയ ചട്ടങ്ങൾ എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. ഈ മാറ്റങ്ങൾ നികുതിദായകർക്കും ബാങ്ക് ഇടപാടുകാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

ജൂലൈ 1 മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി, സൗജന്യ ആധാര്‍ അപ്ഡേറ്റ്, പാസ്പോര്‍ട്ട് ഫീസ് വര്‍ധന, ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലെ മാറ്റങ്ങള്‍, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നികുതിദായകര്‍ക്കും ബാങ്ക് ഇടപാടുകാര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും ഇത് നിര്‍ണ്ണായകമാണ്. ജൂലൈ ഒന്നാം തീയതി മുതല്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദായ നികുതി റിട്ടേണ്‍: അവസാന തീയതി ജൂലൈ 31

2025-26 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ 2026 ജൂലൈ 31-ന് മുന്‍പായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ തീയതിക്കുള്ളില്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നതാണ്.

ആധാര്‍ ഇമെയില്‍ അപ്ഡേറ്റ് ഇനി 6 മാസത്തേക്ക് തികച്ചും സൗജന്യം

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസം ആധാര്‍ മൊബൈല്‍ ആപ്പ് വഴി തിരുത്തുന്നത് 2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണ്ണമായും സൗജന്യമായിരിക്കും എന്ന് യുഐഡിഎഐ അറിയിച്ചു. മുന്‍പ് ഈ സേവനത്തിനായി ഉപഭോക്താക്കള്‍ 75 രൂപ ഫീസ് നല്‍കണമായിരുന്നു. എന്നാല്‍ മൊബൈല്‍ ആപ്പ് വഴി ഇമെയില്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഈ ഫീസ് അടുത്ത ആറ് മാസത്തേക്ക് ഒഴിവാക്കിയതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളും ലോഞ്ച് ആക്സസും: നിബന്ധനകളില്‍ മാറ്റം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ചില പ്രധാന മാറ്റങ്ങളാണ്. എസ്ബിഐ കാര്‍ഡ്, അവരുടെ ഫോണ്‍പേ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പര്‍പ്പിള്‍, ഫോണ്‍പേ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് സെലക്ട് ബ്ലാക്ക് എന്നീ കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റ് ഘടനയില്‍ മാറ്റം വരുത്തുകയാണ്. പുതിയ നിയമപ്രകാരം, ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുകയും, റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാത്ത ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക് സൗജന്യ ഡൊമെസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി. മുന്‍ സാമ്പത്തിക പാദത്തില്‍ കുറഞ്ഞത് 60,000 രൂപയെങ്കിലും ചിലവാക്കിയാല്‍ മാത്രമേ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഒരു ക്വാര്‍ട്ടറില്‍ മൂന്ന് സൗജന്യ ലോഞ്ച് സന്ദര്‍ശനങ്ങള്‍ ലഭിക്കൂ. ഉദാഹരണത്തിന്, 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലോഞ്ച് സൗകര്യം ഉപയോഗിക്കണമെങ്കില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ഉപഭോക്താക്കള്‍ 60,000 രൂപയോ അതില്‍ കൂടുതലോ തുകയുടെ ഇടപാട് നടത്തിയിരിക്കണം. വരും ക്വാര്‍ട്ടറുകളിലും ഈ നിബന്ധന തുടരും.

പാസ്പോര്‍ട്ട് നിരക്കുകള്‍ വര്‍ധിക്കും

ജൂലൈ 1 മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. ഇന്ത്യയിലും വിദേശത്തുമുള്ള സാധാരണ, തത്കാല്‍ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസാണ് വിദേശകാര്യ മന്ത്രാലയം പുതുക്കിയിരിക്കുന്നത്.

ആര്‍ബിഐയുടെ പുതിയ ചട്ടം

ബാങ്കുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നത് തടയാനും ഉപഭോക്താക്കളെ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുമായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, തെറ്റായ വിവരങ്ങള്‍ നല്‍കിയോ അന്യായമായ രീതിയിലോ അനുയോജ്യമല്ലാത്ത സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിറ്റിട്ടുണ്ടെങ്കില്‍, അവര്‍ക്ക് അടച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. കൂടാതെ, ഇതുമൂലം എന്തെങ്കിലും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.