അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍  അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികള്‍ ഏതൊക്കെയെന്നറിയാം.

മുംബൈ: സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ ഉയര്‍ന്ന കാലയളവിലേക്കായിരിക്കും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഒരു ഇന്ത്യന്‍ കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപമിറക്കുക. കമ്പനിയെ സംബന്ധിച്ച അടിസ്ഥാനപരവും സാമ്പത്തികവുമായ ഘടകങ്ങളൊക്കെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാകും ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം സ്വീകരിക്കാറുള്ളത്. അതിനാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ സാന്നിധ്യം ഓഹരി വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്ന ഘടകവുമാണ്.

മേല്‍സൂചിപ്പിച്ച കാരണങ്ങളാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുന്നത് പോസിറ്റീവ് ഘടകമായും വിഹിതം താഴുന്നത് നെഗറ്റീവായും പൊതുവില്‍ വിലയിരുത്തപ്പെടുന്നു. അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി), അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

1. പവര്‍ ഗ്രിഡ്

ഊര്‍ജ പ്രസരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ 67 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 23.69 കോടി പവര്‍ ഗ്രിഡ് ഓഹരികളുടെ സ്ഥാനത്ത് 23.02 കോടിയാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 211 രൂപയിലായിരുന്നു പവര്‍ ഗ്രിഡ് ഓഹരിയുടെ ക്ലോസിങ്.

2. സീമെന്‍സ്

ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ സീമെന്‍സ് ലിമറ്റഡിന്റെ 25 ലക്ഷം ഓഹരികളാണ് എല്‍ഐസി അടുത്തിടെ ഒഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 136 ലക്ഷം സീമെന്‍സ് ഓഹരികളുടെ സ്ഥാനത്ത് 111 ലക്ഷം ഓഹരികളാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച 2,787 രൂപയിലായിരുന്നു സീമെന്‍സ് ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.

3. ടാറ്റ കെമിക്കല്‍

രാജ്യത്തെ മുന്‍നിര കെമിക്കല്‍ കമ്പനിയായ ടാറ്റ കെമിക്കല്‍സിന്റെ 23 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 152 ലക്ഷം ടാറ്റ കെമിക്കല്‍ ഓഹരികളുടെ സ്ഥാനത്ത് 129 ലക്ഷമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 892 രൂപയിലായിരുന്നു ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ ക്ലോസിങ്.

4. ബജാജ് ഓട്ടോ

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ 22 ലക്ഷം ഓഹരികളാണ് എല്‍ഐസി അടുത്തിടെ ഒഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 169 ലക്ഷം ബജാജ് ഓട്ടോ ഓഹരികളുടെ സ്ഥാനത്ത് 147 ലക്ഷം ഓഹരികളാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച 3,542 രൂപയിലായിരുന്നു ബജാജ് ഓട്ടോ ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.

5. എച്ച് ഇ ജി

ഗ്രാഫൈറ്റ് ഇലക്ട്രോഡുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ എച്ച്ഇജി ലിമിറ്റഡിന്റെ 3 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 21 ലക്ഷം എച്ച്ഇജി ഓഹരികളുടെ സ്ഥാനത്ത് 18 ലക്ഷമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 942 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.