. 2023 നവംബറില്‍ ആണ് സുരോഭി ദാസ് സൊമാറ്റോ വിട്ടത്. ദാസ് ഗോയലിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീപീന്ദര്‍ ഗോയലിന്‍റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയിലെ ഡെലിവറി എക്സിക്യുട്ടീവുകള്‍ ഭക്ഷണവുമായി ഇരുചക്രവാഹനങ്ങളില്‍ പോകുന്നത് കണ്ടിട്ടില്ലേ..അധികം വൈകാതെ ഇതേ ദീപീന്ദര്‍ ഗോയലിന് നിക്ഷേപമുള്ള വിമാനങ്ങള്‍ ആകാശത്തിലൂടെ പറക്കും. സൊമാറ്റോയിലെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുരോഭി ദാസ് സ്ഥാപിച്ച പുതിയ സ്റ്റാര്‍ട്ടപ്പായ എല്‍എടി എയ്റോസ്പേസില്‍ 170 കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ് ഗോയല്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദാസ് നേതൃത്വം നല്‍കുമെന്നും ഗോയല്‍ നോണ്‍-എക്സിക്യൂട്ടീവ് റോളില്‍ സേവനമനുഷ്ഠിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

24 സീറ്റുകള്‍ വരെയുള്ള കുറഞ്ഞ ചെലവിലുള്ള ഷോര്‍ട്ട് ടേക്ക് ഓഫ്, ലാന്‍ഡിംഗ് (എസ്ടിഒഎല്‍) വിമാനങ്ങളുടെ സര്‍വീസിലാണ് എല്‍എടി എയ്റോസ്പേസ് ശ്രദ്ധകേന്ദ്രീകരിക്കുക. ഈ വിമാനങ്ങള്‍ പ്രാദേശിക വ്യോമയാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനി നിലവില്‍ 50 മില്യണ്‍ ഡോളര്‍ സീഡ് ഫണ്ടിംഗ് സമാഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. എയറോഡൈനാമിക്സ്, മെറ്റീരിയല്‍ സയന്‍സസ്, ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എഞ്ചിനീയര്‍മാരെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എയര്‍-ടാക്സി സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ സ്റ്റാര്‍ട്ടപ്പ്. 1,500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ആണ് കമ്പനി ശ്രമിക്കുന്നത്. ചെറിയ റണ്‍വേകള്‍ ആവശ്യമുള്ള ചെറിയ വിമാനങ്ങളാണ് ഇവ. ഈ വിമാനങ്ങള്‍ പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നത് ചെറിയ സ്ഥലങ്ങളിലും സങ്കീര്‍ണ്ണമായ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യമില്ലാത്തതുമായ കോംപാക്റ്റ് 'എയര്‍-സ്റ്റോപ്പുകളിലുമാണ്.

ചെറിയ ഇന്‍ട്രാ-സിറ്റി യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എയര്‍ ടാക്സികളില്‍ നിന്ന് വ്യത്യസ്തമായി, ഈ വിമാനങ്ങള്‍ ദീര്‍ഘദൂര ഇന്‍റര്‍സിറ്റി റൂട്ടുകള്‍ക്കായി ഉദ്ദേശിച്ചുള്ളതാണ്. ഈ മോഡലിലൂടെ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് പോലുള്ള ഇന്ത്യന്‍ എയര്‍ലൈനുകള്‍ ഉപയോഗിക്കുന്ന എടിആര്‍, ബൊംബാര്‍ഡിയാര്‍ പോലുള്ള പ്രധാന വിമാന നിര്‍മ്മാതാക്കളുമായി മത്സരിക്കാന്‍ എല്‍എടി എയ്റോസ്പേസ് ലക്ഷ്യമിടുന്നു. 2023 നവംബറില്‍ ആണ് സുരോഭി ദാസ് സൊമാറ്റോ വിട്ടത്. ദാസ് ഗോയലിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.