ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കാറുളള അക്ഷയ തൃതീയ നാളിൽ ഈ വർഷം വളരെ കുറഞ്ഞ വിൽപ്പനയാണ് നടന്നത്. ആഭ്യന്തര കറന്റ് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്ന സ്വർണ്ണ ഇറക്കുമതി ആഭ്യന്തര ഡിമാൻഡിലെ വർദ്ധനവ് മൂലം ഏപ്രിൽ മാസത്തിൽ 6.3 ബില്യൺ ഡോളറായി ഉയർന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 ഏപ്രിലിൽ സ്വർണ്ണ ഇറക്കുമതി 2.83 മില്യൺ ഡോളറായിരുന്നു (21.61 കോടി രൂപ). സ്വർണ്ണ ഇറക്കുമതിയുടെ വർധന 2021 ഏപ്രിലിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 15.1 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.76 ബില്യൺ ഡോളറായിരുന്നു.
 
ആഭ്യന്തര ഡിമാൻഡ് വർദ്ധിക്കുന്നത് സ്വർണ്ണ ഇറക്കുമതിയെ ഉയർത്തുന്നു, എന്നിരുന്നാലും കൊവിഡ് -19 ന്റെ രണ്ടാം തരംഗം വരും മാസങ്ങളിൽ ആവശ്യത്തെ ബാധിച്ചേക്കാം. സാധാരണയായി, 30-40 ടൺ സ്വർണം അക്ഷയ തൃതീയയുടെ ശുഭദിനത്തിൽ വിൽക്കാറുണ്ട്, എന്നാൽ ഇത്തവണ ഒരു ടണ്ണിൽ താഴേക്ക് ഇത് എത്തിയതായാണ് കണക്കാക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായി ഇന്ത്യ കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് നീങ്ങി, ഡിസംബർ പാദത്തിൽ ഈ വിടവ് 1.7 ബില്യൺ ഡോളർ അല്ലെങ്കിൽ ജിഡിപിയുടെ 0.2 ശതമാനമാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, ഇത് പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യത്തിനാണ്.

രത്‌ന, ജ്വല്ലറി കയറ്റുമതി ഏപ്രിലിൽ 3.4 ബില്യൺ ഡോളറായി ഉയർന്നു. 2020 ഏപ്രിലിൽ ഇത് 36 മില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്ക്ഡൗൺ ആയതിനാൽ കയറ്റുമതിയെ സാരമായി ബാധിച്ചു.

രാജ്യം പ്രതിവർഷം 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നു. മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി സർക്കാർ കുറച്ചതോടെ (7.5 ശതമാനം കസ്റ്റംസ് തീരുവയും 2.5 ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്മെൻറ് സെസും) ഇറക്കുമതി വർദ്ധിക്കാനാണ് സാധ്യത.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona