ഇറാനിലെ മുതിർന്ന കമാൻഡർ ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിനെത്തുടർന്നുണ്ടായ സ്ഥിതി വിശേഷങ്ങളാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. പവന് ഇന്ന് 120 രൂപ കൂടി 29680 രൂപയിലെത്തി. ഗ്രാമിന് 3710 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും വില ഉയരാൻ കാരണം.
ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1554 ഡോളറാണ് ഇന്നത്തെ നിരക്ക്. ഒറ്റദിവസത്തിൽ 11 ഡോളറിന്‍റെ വർധനയാണ് ട്രോയ്ഔൺസ് സ്വർണത്തിന്‍റെ വിലയില്‍ ഉണ്ടായത്. ഇറാനിലെ മുതിർന്ന കമാൻഡർ ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിനെത്തുടർന്നുണ്ടായ സ്ഥിതി വിശേഷങ്ങളാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഗോളവിപണിയിൽ ക്രൂഡ്ഓയിൽ വില കൂടുന്നതും സ്വർണവിപണിയെ ബാധിക്കുന്നുണ്ട്. നാല് ദിവസത്തിൽ 680 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കൂടിയത്.
നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇന്നലെ 27 ഡോളറിൽ അധികമാണ് സ്വർണവില ഉയർന്നത്. ഇതേത്തുടർന്ന് കേരളത്തിൽ രണ്ടുതവണ സ്വർണവില ഉയർന്നു. 2019 ൽ സ്വർണ വിലയില്‍ 5640 രൂപയുടെ വർധനയാണ് ഉണ്ടായത്. മുപ്പതിനായിരം കോടി രൂപയുടെ വ്യാപാരം ഒരു വർഷം കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. വരും ദിവസങ്ങളിൽ സ്വർണവില ഗ്രാമിന് 4000 കടന്നേക്കുമെന്നാണ് സൂചനകൾ.
