സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. രാവിലെ പവന് 6,640 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 320 കൂടി കുറഞ്ഞു. ഇതോടെ 1,10,000 ത്തിന് താഴെയെത്തി സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,07,920 രൂപയാണ്. വ്യാഴാഴ്ച സർവ്വ റെക്കോർഡുകളും തകർത്ത് സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. എന്നാൽ തുടർന്ന് സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.

20,360 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. നിക്ഷേപകർ ലാഭം എടുക്കുന്നതിനെ തുടർന്ന് രാജ്യാന്തരവില താഴ്ന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇടിവിന് കാരണം. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതാണ് വില കുറയാൻ കാരണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതും സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറയാൻ കാരണമായി. എന്നാൽ വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23ന് ഒരു ലക്ഷം കടന്ന സ്വർണവില കുതിപ്പ് തുടരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ സാധാരണക്കാർ മടിക്കുന്നുണ്ട്. സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർ​ഗങ്ങൾ തേടുന്നവരും നിരവധി. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇറാൻ-യുഎസ് സംഘർഷ ഭീതിയും റഷ്യ-യുക്രെയ്ൻ യുദ്ധവും സ്വർണത്തെ സുരക്ഷിത നിക്ഷേപമെന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13490 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11085 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8635 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5570 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 300 രൂപ.