സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ദില്ലി: അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ പത്ത് ശതമാനമായി നിജപ്പെടുത്തി കേന്ദ്രസർക്കാർ. ഇതിലൂടെ രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ റീടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്കരിച്ച പാമോയിന്റെ ഇറക്കുമതി തീരുവ പുതിയ വിജ്ഞാപനം പ്രകാരം 37.5 ശതമാനമാണ്. 

സെസും മറ്റ് നിരക്കുകളും കൂടി ചേരുമ്പോൾ അസംസ്കൃത പാമോയിലിന് മുകളിൽ 30.25 ശതമാനമായിരിക്കും ആകെ നികുതി. സംസ്കരിച്ച പാമോയിലിന് അതേസമയം 41.25 ശതമാനം നികുതി നൽകേണ്ടി വരും.

നിലവിൽ അസംസ്കൃത പാമോയിലിന് മുകളിൽ 15 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ. അതേസമയം മറ്റ് കാറ്റഗറികളിൽ 45 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ.

കഴിഞ്ഞ വർഷം ഭക്ഷ്യ എണ്ണയുടെ വിലയിൽ വൻ വർധനവുണ്ടായിരുന്നു. ഇപ്പോഴത്തെ നികുതിയിളവും കാര്യമായ വിലക്കുറവ് ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. അതേസമയം ഇന്ത്യയിലെ പാമോയിൽ ഇറക്കുമതി മെയ് മാസത്തിൽ 48 ശതമാനം വർധിച്ചതായി വ്യവസായ സംഘടനയായ എസ്ഇഎ പറയുന്നു. 769602 ടണ്ണായിരുന്നു ആകെ ഇറക്കുമതി ചെയ്തത്.