സങ്കീര്‍ണമായ നികുതി ഘടനയ്ക്ക് വിരാമം; പുതിയ ആദായ നികുതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ആറു പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന്‍റെ സമഗ്രമായ അവലോകനം ആറ് മാസത്തിനുള്ളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Govt to introduce new income tax bill in budget session

നിലവിലെ ആദായനികുതി നിയമം ലളിതമാക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളുമായി പുതിയ ആദായനികുതി ബില്‍ കേന്ദ്രം അവതരിപ്പിച്ചേക്കും. ആദായ നികുതി നിയമങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും , പേജുകളുടെ എണ്ണം ഏകദേശം 60 ശതമാനം കുറയ്ക്കാനും ഉദ്ദേശിച്ചാണ് പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുന്നത്. ആറു പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന്‍റെ സമഗ്രമായ അവലോകനം ആറ് മാസത്തിനുള്ളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ ജൂലൈ മാസത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

നിലവിലുള്ള നിയമത്തിലെ ഭേദഗതിയല്ല, പുതിയ നിയമമായിരിക്കും ഇതെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍, കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പകുതിയില്‍ ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരാനാണ് സാധ്യത. ജനുവരി 31 മുതല്‍ ഏപ്രില്‍ 4 വരെയാണ് ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പകുതി ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ്.  പ്രസിഡന്‍റ് ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് 2024-25 ലെ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. 2025-26 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, നിയമത്തിന്‍റെ അവലോകനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയമം സംക്ഷിപ്തവും വ്യക്തവും മനസ്സിലാക്കാന്‍ എളുപ്പവുമാക്കുന്നതിന്  ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നികുതി് തര്‍ക്കങ്ങള്‍, നിയമപോരാട്ടങ്ങള്‍ എന്നിവ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ധനമന്ത്രാലയത്തിന്‍റെ നീക്കം. നിയമത്തിന്‍റെ പുനഃപരിശോധനയ്ക്കായി ആദായനികുതി വകുപ്പിന് 6,500 നിര്‍ദ്ദേശങ്ങള്‍ ആണ് ലഭിച്ചത്. വ്യക്തിഗത ഐ-ടി, കോര്‍പ്പറേറ്റ് നികുതി, സെക്യൂരിറ്റീസ് ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്ക് പുറമേ - നേരിട്ടുള്ള നികുതികള്‍ ചുമത്തുന്നത് കൈകാര്യം ചെയ്യുന്ന 1961 ലെ ആദായനികുതി നിയമത്തില്‍ നിലവില്‍ ഏകദേശം 298 വിഭാഗങ്ങളും 23 അധ്യായങ്ങളുമുണ്ട്. ഇത് ഏകദേശം 60 ശതമാനം കുറയ്ക്കാനാണ് പുതിയ നിയമത്തിലൂടെ ശ്രമിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios