എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന കേന്ദ്ര ധന മന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്

ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ ഗെയിം നികുതി എന്നിവയും യോഗം പരിഗണിച്ചേക്കും. അതേസമയം എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന കേന്ദ്ര ധന മന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. വിഷയത്തിലെ സംസ്ഥാനത്തിന്റെ വിശദീകരണം യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉന്നയിച്ചേക്കും. 49-താമത് ജിഎസ്ടി യോഗം ധനമന്ത്രി നിർമ്മല സീതാരാമൻറെ അധ്യക്ഷതയിലാണ് ചേരുന്നത്. 

ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം കണ്ടെത്തുകയെന്ന് ഉദ്ദേശത്തോടെയാണ് അപ്പെലറ്റ് ട്രൈബ്യൂണല്‍സ് കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അധ്യക്ഷനായ മന്ത്രിതല സമിതി സമർപ്പിച്ച റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കിയേക്കും. ദില്ലിയില്‍ ദേശീയ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലും സംസ്ഥാനങ്ങളില്‍ ഘടകങ്ങളുമെന്നതാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ശുപാർശ.

പാൻ മസാലകളുടെ നികുതി വെട്ടിപ്പ് തടയാൻ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ ചർ‍ച്ച ചെയ്യും. ധാന്യങ്ങള്‍ , സിമെന്‍റ് എന്നിവയുടെ നികുതിയല്‍ മാറ്റം വരുത്തുന്നതും യോഗം പരിഗണിക്കാന്‍ ഇടയുണ്ട്. എജി സാക്ഷ്യപ്പെടുത്തിയ നഷ്ടപരിഹാര കണക്കുകള്‍ കേരളം സമർപ്പിച്ചില്ലെന്ന് കേന്ദ്ര ധനമന്ത്രി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ജിഎസ്ടി യോഗം ചേരുന്നത്. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും ഇനി വിശദീകരിക്കേണ്ട സാഹചര്യമില്ലെന്നും ജിഎസ്ടി യോഗത്തിനെത്തിയ ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം നീട്ടി നല്‍കാനുള്ള ആവശ്യം ഇത്തവണയും ഉന്നയിക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടാത്താന്‍ സന്നദ്ധമാണെന്ന കേന്ദ്ര ധനമന്ത്രിയുടെ അഭിപ്രായത്തെ കെഎൻ ബാലഗോപാല്‍ വിമർശിച്ചു.