സേവന നികുതി കുറച്ച നടപടി.
ഭവന നിര്‍മ്മാണ രംഗത്തിന് വലിയ ആശ്വാസമാവുകയാണ് സിമന്റിന്റെ ചരക്ക് സേവന നികുതി കുറച്ച നടപടി. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറച്ചത്. സിമന്റിന്റെ ജിഎസ്ടി നിരക്ക് കുറച്ചതോടെ ഭവന നിര്‍മ്മാണ മേഖലയിലെ ഡിമാന്‍ഡ് വര്‍ധിക്കുകയും പദ്ധതികളുടെ ലാഭക്ഷമത കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. സിമന്റ് മാത്രമല്ല, ഗ്രാനൈറ്റ്, മാര്‍ബിള്‍, ട്രാവെര്‍ട്ടൈന്‍ ബ്ലോക്കുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്കും 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. നികുതിയിലെ ഈ കുറവുകള്‍ നിര്‍മ്മാണ ചെലവുകള്‍ താഴുന്നതിന് സഹായിക്കും.
താങ്ങാനാവുന്ന വിലയുള്ള വീടുകള്‍ക്ക് നിര്‍ണായകം
നിര്‍മ്മാണത്തില്‍ ഏറ്റവും ചെലവേറിയ അസംസ്‌കൃത വസ്തുക്കളിലൊന്നാണ് സിമന്റ്. സിമന്റിന് ജിഎസ്ടിയില്‍ 10 ശതമാനം കുറവ് വരുത്തുന്നത് പദ്ധതികളുടെ മൊത്തം ചെലവില്‍ 3-5 ശതമാനം കുറവ് വരുത്താന്‍ സഹായിക്കുമെന്ന് അനാറോക്ക് റിസര്‍ച്ച് വ്യക്തമാക്കുന്നു. ഇത് താങ്ങാനാവുന്ന ഭവന പദ്ധതികള്‍ നടത്തുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറിയാല്‍, 40 ലക്ഷം രൂപയില്‍ താഴെയുള്ള വീടുകള്‍ക്ക് കൂടുതല്‍ മിതമായ നിരക്കുകള്‍ പ്രതീക്ഷിക്കാം. 2019-ല്‍ 38 ശതമാനമായിരുന്ന താങ്ങാനാവുന്ന വീടുകളുടെ വില്‍പ്പന 2024-ല്‍ 18 ശതമാനമായി ചുരുങ്ങിയിരുന്നു. ആഡംബര ഭവന നിര്‍മ്മാതാക്കളും ഈ നീക്കത്തില്‍ സന്തോഷത്തിലാണ്. ജിഎസ്ടി കുറച്ചത് ലാഭം വര്‍ദ്ധിപ്പിക്കാനും ഉപഭോഗം വര്‍ദ്ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്.
വീടുകളുടെ വില കുറയുമോ?
വീടുകളുടെ വിലയില്‍ ഇത് എത്രത്തോളം പ്രതിഫലിക്കുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വാടകയ്ക്ക് നല്‍കാനുള്ള കെട്ടിടങ്ങളുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സംബന്ധിച്ചുള്ള വ്യക്തതക്കുറവും ഡെവലപ്പര്‍മാര്‍ ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമോ എന്നതും പ്രധാന ചോദ്യങ്ങളായി അവശേഷിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കുറഞ്ഞ നിര്‍മ്മാണ ചെലവുകളുടെ ആനുകൂല്യങ്ങള്‍ ഉടനടി പ്രതിഫലിക്കാന്‍ സാധ്യതയില്ല, കാരണം മിക്ക ഡെവലപ്പര്‍മാരും നിലവിലുള്ള കരാറുകളുടെ കുരുക്കിലായിരിക്കും.
https://www.hindustantimes.com/real-estate/gst-cut-on-construction-materials-like-cement-brings-festive-relief-but-will-developers-pass-on-the-benefits-to-buyers-101756959468435.html

