Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജൂലൈ 25 നല്ല ദിനമായേക്കും, നിര്‍ണായക യോഗം ഈ ആഴ്ച

ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രിക് ചാര്‍ജറുകള്‍, വാടകയ്ക്ക് നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകളും കുറച്ചേക്കും. 

gst rates on electric vehicles may get reduced
Author
New Delhi, First Published Jul 22, 2019, 10:25 AM IST

ദില്ലി: ജൂലൈ 25 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷയാകുന്ന ജിഎസ്ടി കൗണ്‍സിലിന്‍റെ 36 മത് യോഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം സോളാര്‍ പവര്‍ ജനറേറ്റിംഗ് സിസ്റ്റം, വിന്‍ഡ് ടര്‍ബൈനുകള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകളിലും കുറവുണ്ടായേക്കും. ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രിക് ചാര്‍ജറുകള്‍, വാടകയ്ക്ക് നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്കുകളും കുറച്ചേക്കും. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി അവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി നിരക്ക് കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ കൗണ്‍സില്‍ ഒരു ഓഫീസേഴ്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 25 ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ആഭ്യന്തരമായി നിര്‍മിക്കുന്ന ഇ- വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്കുകള്‍ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ചേക്കുമെന്നാണ് സൂചന. ഇതോടൊപ്പം സൗരോര്‍ജ്ജ പദ്ധതികളുടെ നികുതി ഘടനയിലും മാറ്റങ്ങളുണ്ടായേക്കും. 
 

Follow Us:
Download App:
  • android
  • ios