പുതിയ നികുതി നിരക്കുകള്‍ കൃത്യസമയത്ത് പ്ലാറ്റ്‌ഫോമുകളുടെ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍

രാജ്യത്ത് ഉത്സവകാലം തുടങ്ങിയിരിക്കുകയാണ്. ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കൊപ്പം രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയും സജീവമാകും. എന്നാല്‍ ഈ വര്‍ഷം ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി വില്‍പന നടത്തുന്നവരെ ജിഎസ്ടി നിരക്കുകളിലെ അനിശ്ചിതത്വം അലട്ടുകയാണ്. സാധാരണഗതിയില്‍ ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ വലിയൊരു ഭാഗം ഉത്സവകാലത്താണ് നടക്കുന്നത്. ഈ നിര്‍ണായക സമയത്തെ ജിഎസ്ടി നിരക്കുകളിലെ അവ്യക്തത വ്യാപാരികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഉത്സവകാലത്ത് ഉപഭോക്താക്കള്‍ സാധനങ്ങള്‍ ധാരാളമായി വാങ്ങാറുണ്ട്. എന്നാല്‍ പുതിയ നികുതി നിരക്കുകള്‍ കൃത്യസമയത്ത് പ്ലാറ്റ്‌ഫോമുകളുടെ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് ബില്ലിങ്ങില്‍ പിഴവുകള്‍ വരുത്താനും, വ്യാപാരികളുടെ ജിഎസ്ടി ഫയലിങ്ങിനെ ബാധിക്കാനും ഇടയാക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വ്യാപാരികളും ബില്ലിങ്, അക്കൗണ്ടിങ്, ഇന്‍വെന്ററി സോഫ്‌റ്റ്വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം നികുതി ഫയലിങ്ങില്‍ പിഴവുണ്ടാകാനും പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.നേരത്തെയും ഇങ്ങനെയുള്ള നികുതി മാറ്റങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും പ്രത്യേക നികുതി കോഡുണ്ട്. 12% നികുതി സ്ലാബില്‍ നിന്ന് 5% അല്ലെങ്കില്‍ 18% സ്ലാബിലേക്ക് മാറുമ്പോള്‍ എപ്പോള്‍ ഈ മാറ്റങ്ങള്‍ വരുത്തണം എന്നത് വലിയൊരു വെല്ലുവിളിയാണ്. ബില്ലിങ്ങിലെയും നികുതി ഫയലിങ്ങിലെയും പ്രശ്നങ്ങള്‍ കൂടാതെ, ഉല്‍പ്പന്നങ്ങള്‍ മടക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യാപാരികളെ അലട്ടുന്നുണ്ട്. പല പ്ലാറ്റ്‌ഫോമുകളിലും ഏഴ് ദിവസത്തെ റിട്ടേണ്‍ പോളിസിയുണ്ട്. കൂടിയ നികുതി നിരക്കില്‍ വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ മടക്കിനല്‍കി, നികുതി കുറഞ്ഞ ശേഷം അതേ സാധനം വീണ്ടും ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിച്ചേക്കാം. 12% ജിഎസ്ടി നിരക്കില്‍ വിറ്റ ഒരു ഉല്‍പ്പന്നം, നിരക്ക് 5% ആയി കുറയുമ്പോള്‍ തിരികെ വന്നാല്‍, അക്കൗണ്ടിങ് വലിയ പ്രശ്നമാകുമെന്നും വ്യാപാരികള്‍ പറയുന്നു.