റിസ്കില്ലാതെ നിക്ഷേപം നടത്തി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

മുംബൈ: സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 15 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 35 ബിപിഎസ് വരെ ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകൾ 2022 നവംബർ 8 മുതൽ പ്രാബല്യത്തിൽ വന്നു. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ബാങ്ക് ഇപ്പോൾ മൂന്ന് മുതൽ 6.25 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7 ശതമാനം വരെയും പലിശ ലഭിക്കും. 

പുതുക്കിയ നിരക്കുകൾ അറിയാം.

ഒരാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് മൂന്ന് ശതമാനം പലിശ നൽകുന്നത് തുടരും. ഒരു മാസം മുതൽ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം ലഭിക്കും. ഒന്നര മാസം മുതൽ രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം പലിശ നൽകുന്നത് തുടരും. രണ്ട് മാസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ നൽകുന്നത് തുടരും. ആറ് മാസം മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ ലഭിക്കും.

ഒരു വർഷം മുതൽ 15 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് 6.10 ശതമാനം പലിശ നിരക്ക് ലഭിക്കും. 15 മാസം മുതൽ 18 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർന്നു. നിലവിൽ 6.40 ശതമാനം പലിശ ലഭിക്കും.18 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.50 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് ഇപ്പോൾ 6.50 ശതമാനം പലിശ ലഭിക്കും.