Asianet News MalayalamAsianet News Malayalam

Inflation| ആന്ധ്രയിലും കർണാടകത്തിലും കർഷകനെ കണ്ണീരിലാക്കി മഴ; വിലക്കയറ്റം കേരളത്തിന്റെ 'കീശ കീറി'

കർണാടകത്തിലും ആന്ധ്രപ്രദേശിലും കനത്ത മഴയെ തുടർന്നുണ്ടായ വ്യാപക കൃഷിനാശം കേരളത്തിൽ പച്ചക്കറികളുടെയും അരിയുടെയും വില കുത്തനെ ഉയർത്തി

Heavy rain In Andhra Karnataka leads to retain Inflation in Kerala
Author
Bengaluru, First Published Nov 22, 2021, 6:26 PM IST

ബെംഗളൂരു: ആന്ധ്രയിലും (Andhrapradesh) കര്‍ണാടകയിലും (Karnataka) കനത്ത മഴയെ (Heavy Rain) തുടര്‍ന്ന് പച്ചക്കറി വില (Vegetable Price hike) കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു നീക്കം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം.

തക്കാളിക്ക് പഴയ വില 45-50 രൂപയായിരുന്നത് ഇപ്പോൾ 85-100 രൂപയാണ്. കാരറ്റ് വില 50-60 രൂപയെന്ന പഴയ നിരക്കിൽ നിന്ന് 90-100 രൂപയായി ഉയർന്നു. സവാള 25-30 എന്നായിരുന്നു മുൻപത്തെ നിരക്ക്. ഇപ്പോൾ വില 60-70 ആയി മാറി. വെണ്ടയ്ക്ക 40-50 രൂപയിൽ നിന്ന് 75-85 എന്ന നിലയിലേക്ക് ഉയർന്നു. പച്ചമുളക് 35-45 എന്നായിരുന്നു പഴയ വില നിലവാരം. ഇതിപ്പോൾ 80-100 രൂപയെന്ന നിലയിലായി. ബീറ്റ്റൂട്ട് 30-40 രൂപയിൽ നിന്ന് 55-65 രൂപയിലേക്കും ഉയർന്നു. 35 രൂപയായിരുന്ന മട്ട അരി ഇപ്പോൾ 44 രൂപയാണ്. വെള്ള അരിക്ക് 51 രൂപയായിരുന്നത് 57 രൂപയായി ഉയർന്നു.

Heavy rain In Andhra Karnataka leads to retain Inflation in Kerala

നാല് ദിവസം കൊണ്ട് 35 മുതല്‍ 40 രൂപ വരെയാണ് തക്കാളിക്ക് കൂടിയത്. കേരളത്തിലെ വിപണിയിലേക്ക് കിലോയ്ക്ക് 80 മുതല്‍ 92 രൂപയ്ക്ക് വരെയാണ് ചരക്ക് പോകുന്നത്. ചില്ലറ വിപണികളില്‍ വില നൂറിന് അടുത്താണ്. കാരറ്റ്, വഴുതന തുടങ്ങിയവയുടെയും വില 100 രൂപയിലേക്ക് അടുത്തു. കിലോയ്ക്ക് 100 രൂപയായിരുന്ന മുരിങ്ങക്കയുടെ വില 250ന് മുകളിലായി. ചിത്രദുര്‍ഗ, ചിക്കമംഗളൂരു, ധാര്‍വാഡ് തുടങ്ങി കര്‍ണാടകയുടെ കാര്‍ഷിക മേഖലയിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനം നടത്തുന്ന മേഖലകളിലുണ്ടായ കനത്ത മഴയാണ്  കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്.

Heavy rain In Andhra Karnataka leads to retain Inflation in Kerala

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലേറെ കൃഷി നശിച്ചു. ഇതോടെ അരി വിലയും ഉയര്‍ന്നു. മട്ട അരിക്ക് കിലോക്ക് 8 മുതല്‍ 12 രൂപ വരെ കൂടി. വെള്ളപ്പൊക്കത്തില്‍ വ്യാപക വിളനാശമുണ്ടായതോടെ അരി വില ഇനി വരുന്ന ആഴ്ചകളിലും കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. പെട്ടെന്നുണ്ടായ വിലക്കയറ്റം വ്യാപാര മേഖലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കയറ്റുമതി കുറഞ്ഞതോടെ കൂടുതല്‍ പച്ചക്കറിയും അരിയും സംഭരിക്കാനാകാത്ത സ്ഥിതിയാണ് വിപണിയിൽ.

Follow Us:
Download App:
  • android
  • ios