Asianet News MalayalamAsianet News Malayalam

ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സിലില്‍ നിര്‍ദേശം വന്നില്ലെന്ന് ധനമന്ത്രി

എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.
 

Home  Business No proposal to bring petrol, diesel, ATF, gas under GST: Finance Minister Nirmala Sitharaman
Author
New Delhi, First Published Mar 15, 2021, 9:07 PM IST

ദില്ലി: ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം വന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലാണ് ധനമന്ത്രി ഇക്കാര്യം ചോദ്യത്തിന് മറുപടിയായി എഴുതി നല്‍കിയത്. ജിഎസ്ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.  ഇന്ധന വില കുറക്കുന്നതിനായി നികുതി കുറയ്ക്കാനായും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്, അടിസ്ഥാന എക്‌സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്‌സൈസ് തീരുവ (എസ്ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു.

''സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച് ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്. ജിഎസ്ടിക്ക് കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നതിന് ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല, ' ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളെ കൊണ്ടുവരാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അനുരാഗ് താക്കൂര്‍ പറഞ്ഞു,

ജിഎസ്ടിക്ക് കീഴില്‍ പെട്രോളിയം ഇന്ധനങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ എടുക്കേണ്ടതുണ്ടെന്ന് നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. എന്നാല്‍, മാര്‍ച്ചില്‍ ഇന്ധന വിലയില്‍ ഒരു പരിഷ്‌കരണവും ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച തുടര്‍ച്ചയായ പത്താം ദിവസവും നാല് മെട്രോ നഗരങ്ങളില്‍ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫെബ്രുവരി 27 ന് അവസാനമായി പെട്രോള്‍ നിരക്ക് ദില്ലിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 91.17 രൂപയിലേക്ക് കൂട്ടി. ഡീസല്‍ നിരക്ക് 81.47 രൂപയാണ്.
 

Follow Us:
Download App:
  • android
  • ios