2009-10 കാലഘട്ടത്തില്‍ അതിന്‍റെ പ്രമോട്ടര്‍മാര്‍  എന്‍ഡിടിവിക്കുവേണ്ടി വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് എല്ലാത്തിന്‍റെയും തുടക്കം. 

ദില്ലി: അദാനി ഗ്രൂപ്പിന്‍റെ എന്‍ഡിടിവി ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത ചൊവ്വാഴ്ച വൈകീട്ടോടെയാണ് വന്നത്. ഇതിന്‍റെ അനുരണങ്ങള്‍ ഇപ്പോഴും തീരുന്നില്ല. ഇന്ന് ഓഹരി വിപണിയില്‍ എന്‍ഡിടിവി ഓഹരികളില്‍ 5 ശതമാനം വളര്‍ച്ചയാണ് അദാനി എന്‍ഡിടിവി വാങ്ങുന്നു എന്ന വാര്‍ത്ത മൂലം ഉണ്ടായത്. എന്തായാലും അംബാനിയുടെ റിലയന്‍സ് ചുവടുറപ്പിച്ച ഒരു മേഖലയിലേക്ക് കൂടി അദാനി ചുവടുവയ്ക്കുന്നു എന്നതാണ് ഈ വാര്‍ത്തയുടെ മറുവശം. നേരത്തെ 5ജി ലേലത്തില്‍ പങ്കെടുത്ത് അദാനി ഗ്രൂപ്പ് ടെലികോം രംഗത്തും തങ്ങള്‍ ഭാവിയില്‍ ഉണ്ടാകും എന്ന സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ രംഗത്തെ അദാനിയുടെ അരങ്ങേറ്റം.

രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പിനെ 2011-2014 സ്വന്തമാക്കി അംബാനി ഇന്ത്യന്‍ മാധ്യമ രംഗത്തേക്ക് ചുവടുവച്ചതിന് സമാനമാണ് അദാനിയുടെ നീക്കം എന്ന് പറയാം. എന്നാല്‍ അംബാനിയെക്കാള്‍ നാടകീയമായാണ് അദാനി ഈ രംഗത്തേക്ക് വന്നത് എന്ന് പറയേണ്ടിവരും. അതില്‍ ഏറ്റവും രസകരമായ കാര്യം എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയി, രാധിക റോയ് എന്നിവര്‍ പോലും അദാനി ഗ്രൂപ്പിന്‍റെ ഔദ്യോഗിക പ്രസ് റിലീസ് ഇറങ്ങും വരെ ഈ കാര്യം അറിഞ്ഞില്ലെന്നതാണ്. എങ്ങനെയാണ് അദാനി എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരി വാങ്ങിയത്.?

വായ്പ കെണി, ഏറ്റെടുക്കല്‍

2009-10 കാലഘട്ടത്തില്‍ അതിന്‍റെ പ്രമോട്ടര്‍മാര്‍ എന്‍ഡിടിവിക്കുവേണ്ടി വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് എല്ലാത്തിന്‍റെയും തുടക്കം. രാധിക റോയി പ്രണോയ് റോയി ഹോള്‍ഡിംസ് (ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സ്) ആണ് എന്‍ഡിടിവിക്കായി വായ്പ എടുത്തത്. ഈ സമയത്ത് 7.56ശതമാനം ഓഹരികള്‍ മാത്രമായിരുന്നു ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സിന്‍റെ പേരില്‍ ഉണ്ടായിരുന്നത്. 

വിസിപിഎൽ നൽകിയ പണം റിലയൻസിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയിൽ വഴിയാണ് വായ്പയായി നൽകിയത്. 2012-ൽ, റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബോർഡിൽ അംഗമായ മഹേന്ദ്ര നഹട്ടയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്കുകൾ വിസിപിഎല്ലിന് 50 കോടി രൂപ നൽകി, അതേസമയം 403.85 കോടി രൂപ തിരികെ ലഭിച്ചതായി ഷിനാനോ പറഞ്ഞു. വിസിപിഎൽ കമ്പനികളുടെ രജിസ്ട്രാർക്ക് 2021 മാർച്ചിലെ ഏറ്റവും പുതിയ ഫയലിംഗുകൾ കാണിക്കുന്നത്, വിസിപിഎൽ നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയാണെങ്കിലും, നഹാറ്റയുമായി ബന്ധിപ്പിച്ചിട്ടുള്ള വിസിപിഎൽ, എമിനന്റിന് ഇപ്പോഴും 403.85 കോടി രൂപയുടെ കടപ്പത്രങ്ങൾ നൽകാനുണ്ടെന്നാണ്.

പ്രണോയ്, രാധിക റോയിമാരുടെ പേരിലുള്ള ആര്‍ആര്‍പിആര്‍, ലോണിനെ തുടര്‍ന്ന് അവരുടെ ഷെയര്‍ വിഹിതം 29.18 ശതമാനമാക്കി. ഇതോടെ ഈ കമ്പനി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാക്കി. കൂടാതെ, എൻഡിടിവിയിൽ രാധിക റോയിക്ക് 16.32 ശതമാനവും പ്രണോയ്‌ക്ക് 15.94 ശതമാനവും വ്യക്തിഗതമായി ഓഹരിയുണ്ട്. ഇതോടെ ഇവര്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായി മാറി. കമ്പനിയുടെ 61.45 ശതമാനം ഓഹരികൾ അവർ സ്വന്തമാക്കി, അവർക്ക് സമ്പൂർണ്ണ നിയന്ത്രണം കമ്പനിയില്‍ വന്നു. 

എന്നാല്‍ 2009-10 കാലത്തെ വായ്പ കരാറിലെ ചില വ്യവസ്ഥകള്‍ പ്രകാരം ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സിന്‍റെ കൈയ്യിലുള്ള ഓഹരികളുടെ 99 ശതമാനം ഏറ്റെടുക്കാന്‍ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് കഴിയുമായിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാല്‍ അടുത്തിടെ അദാനി ഗ്രൂപ്പ് അങ്ങ് വാങ്ങി.

ഓഹരി വാങ്ങിയത് കുറുക്കു വഴിയിലോ?

വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇപ്പോഴത്തെ ഉടമകള്‍ അദാനി ഗ്രൂപ്പാണ്. നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സിന്‍റെയും, എമിനെന്‍റ് നെറ്റ്വര്‍ക്കില്‍ നിന്നും, നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സില്‍ നിന്നും വിസിപിഎല്ലിനെ ഏറ്റെടുത്തുവെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. നേരത്തെ തന്നെ അംബാനിയുടെ ഷെല്‍ കമ്പനിയെന്നാണ് വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ചില ബിസിനസ് കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്. അദാനി ഏറ്റെടുത്തതോടെ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സിന്‍റെ കൈയ്യിലുള്ള ഓഹരികളുടെ 99 ശതമാനം ഏറ്റെടുക്കാനുള്ള ശേഷി അവര്‍ വിനിയോഗിച്ചു. ഇതോടെ എന്‍ഡിടിവിയുടെ 29 ശതമാനത്തോളം ഷെയറുകള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി.

അതായത് എന്‍ഡിടിവിയുടെ ഓഹരികള്‍ നേരിട്ടല്ല, മറ്റൊരുകമ്പനിവഴിയാണ് സ്വന്തമാക്കിയതെന്ന് ചുരുക്കം. അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും, അദാനി ഗ്രൂപ്പ് ഇന്നലെയിറക്കിയ പത്രകുറിപ്പില്‍ അത് വ്യക്തമാക്കുന്നുണ്ട്. "വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് " വാര്‍ത്ത കുറിപ്പ് പറയുന്നു. 

ഇത് അടുത്തതായി എന്‍ഡിടിവി മൊത്തത്തില്‍ സ്വന്തമാക്കാനുള്ള അടുത്തഘട്ടമാണ്. ഇത്തരം ഒരു ഓപ്പണ്‍ ഓഫറിലൂടെ റോയിമാര്‍ക്ക് പുറത്തുള്ള ഓഹരികള്‍ വാങ്ങാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും ഇതുവഴി 26 ശതമാനത്തിലേറെ ഷെയര്‍ വാങ്ങിയാല്‍ നിലവില്‍ റോയിമാരെക്കാള്‍ കൂടുതല്‍ പിടിപാട് അദാനിക്ക് എന്‍ഡിടിവിയില്‍ ലഭിക്കും.

ചീത്തപ്പേര് കേള്‍പ്പിച്ച ലോണ്‍, ഒടുവില്‍ പിന്നില്‍ നിന്നും കുത്തായി

വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും എന്‍ഡിടിവി എടുത്ത ലോണ്‍ നേരത്തെയും അവര്‍ക്ക് തലവേദനയായിട്ടുണ്ട്. ഈ ലോണ്‍ എടുത്തതില്‍ ചട്ടലംഘനം നടന്നുവെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) കണ്ടെത്തിയിരുന്നു. വിശ്വപ്രധാനുമായുള്ള വായ്പ നിബന്ധനകള്‍ നിക്ഷേപകര്‍ക്ക് വെളിപ്പെടുത്താത്തതിന് എന്‍ഡിടിവി പ്രൊമോട്ടര്‍മാര്‍ കുറ്റക്കാരാണെന്നാണ് സെബി കണ്ടെത്തിയത്. ഏറ്റവും രസകരമായ കാര്യം ഇതേ വ്യവസ്ഥകളുടെ ചുവട് പിടിച്ചാണ് അദാനി എന്‍ഡിടിവിയില്‍ എത്തുന്നത് എന്നാണ്. 

അതേസമയം കഴിഞ്ഞ ദിവസം വൈകി എന്‍ഡിടിവി പ്രമോട്ടര്‍മാര്‍ ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത്തരം ഒരു ഏറ്റെടുക്കല്‍ തങ്ങള്‍ അറിഞ്ഞില്ലെന്നാണ് എന്‍ഡിടിവി പ്രമോട്ടര്‍മാരുടെ വിശദീകരണം. അതേ സമയം സാധ്യമായ വഴിയില്‍ ഇതിനെതിരെ ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും ഇവര്‍ പറയുന്നു. രാധിക റോയി പ്രണോയി റോയി എന്നിവര്‍ എൻഡിടിവിയുടെ 32% കൈവശം വയ്ക്കുന്നു എന്നാണ് ഇപ്പോഴും വ്യക്തമാക്കുന്നത്. എന്നാല്‍ ഇവരുടെ ഈ ശുഭാപ്തിവിശ്വാസം എത്രത്തോളം നിലനില്‍ക്കും എന്നതാണ് അറിയേണ്ടത്.

മാധ്യമ രംഗത്ത് അദാനി രണ്ടും കല്‍പ്പിച്ച് തന്നെ.!

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ അദാനി ഗ്രൂപ്പ് മാധ്യമ മേഖലയിൽ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണ് ഇപ്പോള്‍ എന്‍ഡിടിവിയില്‍ നടത്തുന്നത്. മെയ് മാസത്തില്‍ രാഘവ് ബാലിന്‍റെ ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

അതേ സമയം ഇന്നലെയിറക്കിയ വാര്‍ത്ത കുറിപ്പില്‍ തന്നെ എന്‍ഡിടിവിയില്‍ തങ്ങള്‍ക്കുള്ള താല്‍പ്പര്യം അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. പുതിയ യുഗത്തില്‍ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കല്‍ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

“ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎന്‍എല്‍ ശ്രമിക്കുന്നു. എന്‍ഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. വാർത്താ വിതരണത്തിൽ എൻ‌ഡി‌ടി‌വിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”പുഗാലിയ കൂട്ടിച്ചേർത്തു.

എന്‍ഡിടിവി ഓഹരി അദാനി വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡിടിവി മാനേജ്മെന്‍റ്