നിലവിലുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് പുതിയ ലേബര്‍ കോഡുകളാണ് വരുന്നത്
പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങളിലും അവകാശങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിലയിരുത്തല്‍. നിലവിലുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് പുതിയ ലേബര്‍ കോഡുകളാണ് വരുന്നത്. ഈ നാല് തൊഴില്‍ നിയമങ്ങളും 2020-ല്‍ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും, നാല് വര്‍ഷത്തിലേറെയായി ഇവ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ പുറത്തിറക്കണം.
പുതിയ തൊഴില്‍ നിയമങ്ങള്‍ എങ്ങനെ ബാധിക്കും? പുതിയ തൊഴില്‍ നിയമങ്ങള്‍ ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷണവും വര്‍ദ്ധിപ്പിച്ച് അവരെ കൂടുതല്‍ ശക്തരാക്കാന്‍ ലക്ഷ്യമിടുന്നു. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ജീവനക്കാരെ നിയമിക്കുന്ന രീതി, ആനുകൂല്യങ്ങള്‍, എച്ച്ആര്‍, ശമ്പള നയങ്ങള്‍ എന്നിവയെല്ലാം മാറിയേക്കാം. ജീവനക്കാരെ ബാധിക്കുന്ന പ്രധാന കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
'വേതനം' എന്നതിന്റെ നിര്‍വചനം
നിലവിലുള്ള നിയമങ്ങളില്‍, ആനുകൂല്യങ്ങള്‍ കണക്കാക്കാന്‍ 'വേതനം' അല്ലെങ്കില്‍ 'ശമ്പളം' എന്നതിന് പല നിര്‍വചനങ്ങളാണുള്ളത്. ഇത് നിയമങ്ങളില്‍ വ്യക്തതയില്ലായ്മയ്ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍, പുതിയ തൊഴില്‍ നിയമങ്ങളില്‍ 'വേതനം' എന്നതിന്റെ നിര്‍വചനം ഏകീകരിച്ചിട്ടുണ്ട്. ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, സ്റ്റാറ്റിയൂട്ടറി ബോണസ് എന്നിവയുള്‍പ്പെടെ എല്ലാ തൊഴില്‍ നിയമങ്ങളിലും ആനുകൂല്യങ്ങള്‍ കണക്കാക്കാന്‍ ഇനി ഒരേ നിര്‍വചനം ഉപയോഗിക്കും. ഈ ഏകീകരണം വഴി ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കും. ഉദാഹരണത്തിന്, നിലവിലെ നിയമമനുസരിച്ച്, ഓരോ വര്‍ഷത്തെ സേവനത്തിനും 15 ദിവസത്തെ അടിസ്ഥാന ശമ്പളമാണ് ഗ്രാറ്റുവിറ്റിയായി ലഭിക്കുന്നത്. പുതിയ നിയമം നടപ്പിലാക്കുമ്പോള്‍, ഗ്രാറ്റുവിറ്റി 15 ദിവസത്തെ 'വേതനം' (പുതിയ നിയമങ്ങളില്‍ നിര്‍വചിച്ചിരിക്കുന്നത് പോലെ, ഇത് അടിസ്ഥാന ശമ്പളം കൂടാതെ മറ്റ് ഘടകങ്ങളും ഉള്‍പ്പെടും) ആയിരിക്കും.
പ്രോവിഡന്റ് ഫണ്ടിന്റെ കാര്യത്തില്‍, നിയമങ്ങള്‍ നടപ്പിലാക്കി ഒരു വര്‍ഷത്തേക്ക് നിലവിലെ സ്‌കീമിലെ പരിധി (നിലവില്‍ 15,000 രൂപ) കടക്കുന്ന അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ല.
'തൊഴിലാളി' എന്ന നിര്‍വചനവും അതിന്റെ സ്വാധീനവും
പുതിയ തൊഴില്‍ നിയമങ്ങളില്‍ 'തൊഴിലാളി' എന്ന വാക്കിന്റെ നിര്‍വചനം നിലവിലുള്ള ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്, 1947-ലെ 'വര്‍ക്ക്മാന്‍' എന്ന നിര്‍വചനവുമായി സാമ്യമുള്ളതാണ്. 'സൂപ്പര്‍വൈസറി', 'മാനേജീരിയല്‍' അല്ലെങ്കില്‍ 'അഡ്മിനിസ്‌ട്രേറ്റീവ്' ജോലികളില്‍ ഏര്‍പ്പെടാത്ത ജീവനക്കാരെ 'തൊഴിലാളികള്‍' ആയി കണക്കാക്കാം. നിലവിലെ തൊഴില്‍ നിയമങ്ങളിലെ 'വര്‍ക്ക്മാന്‍' എന്ന നിര്‍വചനത്തിന് പരിമിതമായ വ്യാപ്തിയാണുള്ളത്. ഇത് പ്രധാനമായും വ്യവസായ തര്‍ക്കങ്ങളിലും പിരിച്ചുവിടലുകളിലും മാത്രമാണ് ബാധകമായിരുന്നത്. എന്നാല്‍, പുതിയ നിയമങ്ങളിലെ 'തൊഴിലാളി' എന്ന നിര്‍വചനം വളരെ വിശാലമാണ്.
'തൊഴിലാളികള്‍' എന്ന് തരംതിരിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഓവര്‍ടൈം വേതനം, ലീവ് എന്‍കാഷ്‌മെന്റ്, പിരിച്ചുവിടല്‍ നഷ്ടപരിഹാരം (ബാധകമെങ്കില്‍) എന്നിവയുള്‍പ്പെടെയുള്ള അധിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും. കൂടാതെ, 'തൊഴിലാളികള്‍ക്ക്' മാത്രമായി ബാധകമാകുന്ന പ്രത്യേക വ്യവസ്ഥകളുമുണ്ട്. ഇത് ജോലി സമയം, വാര്‍ഷിക അവധി, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ തുടങ്ങിയ വിവിധ നയപരമായ കാര്യങ്ങളെ ബാധിക്കും.
എച്ച്ആര്‍ / ശമ്പള നയം
പുതിയ തൊഴില്‍ നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാന നിയമങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നില്ല. ഇത് ചിലപ്പോള്‍ പ്രവൃത്തി സമയം, അവധി തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കാം. പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ഒരേ കമ്പനിയില്‍ പോലും വ്യത്യസ്ത നിയമങ്ങള്‍ പാലിക്കേണ്ടിവരും. കാരണം, ഓരോ സംസ്ഥാനത്തെയും നിയമങ്ങള്‍ക്കനുസരിച്ച് നയങ്ങളില്‍ മാറ്റങ്ങള്‍ വരാം. കൂടാതെ, പുതിയ തൊഴില്‍ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ 'തൊഴിലാളികള്‍ക്ക്' മാത്രമാണ് ബാധകം. അതിനാല്‍, ഒരു സ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്കും താഴ്ന്ന തസ്തികയിലുള്ളവര്‍ക്കും വ്യത്യസ്ത നയങ്ങളാണോ ഉണ്ടാകുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ
പുതിയ തൊഴില്‍ നിയമങ്ങളില്‍ 'ഗിഗ് വര്‍ക്കര്‍', 'പ്ലാറ്റ്‌ഫോം വര്‍ക്കര്‍' എന്നീ പദങ്ങള്‍ക്ക് ഔദ്യോഗികമായി നിര്‍വചനം നല്‍കിയിട്ടുണ്ട്. കൂടാതെ, ഈ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ നിയമങ്ങള്‍ പ്രകാരം, ജീവന്‍, വൈകല്യം, ആരോഗ്യം, പ്രസവാനുകൂല്യങ്ങള്‍, വാര്‍ദ്ധക്യകാല സംരക്ഷണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോമുകള്‍ അവരുടെ വാര്‍ഷിക വിറ്റുവരവിന്റെ 1-2% സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് സംഭാവന നല്‍കേണ്ടിവരും. ഇതുവരെ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്.
തൊഴില്‍ രീതികള്‍ ഒരു സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ തൊഴിലാളികളെ ഉപയോഗിക്കുന്നത് പുതിയ തൊഴില്‍ നിയമങ്ങള്‍ വ്യക്തമായി നിരോധിക്കുന്നു.നിശ്ചിതകാല നിയമനം ഒരു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, ജീവനക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ പ്രകാരം ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. നിലവിലെ നിയമത്തില്‍ അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇത് ലഭിക്കുന്നത്. കൂടാതെ, കൂടുതല്‍ സൗകര്യപ്രദമായ തൊഴില്‍ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നു. ഹരിയാന, ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ അവരുടെ കരട് നിയമങ്ങളില്‍ സൗകര്യപ്രദമായ തൊഴില്‍ നിര്‍വഹണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.