Asianet News MalayalamAsianet News Malayalam

മ്യൂച്ചല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? നേരിട്ട് എങ്ങനെ നിക്ഷേപം നടത്താം

സാമ്പത്തിക നിക്ഷേപത്തിനുള്ള തീരുമാനം സ്വന്തമായി എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 'ഡയറക്ട് പ്ലാന്‍' തെരഞ്ഞെടുക്കാം. ഇതിലൂടെ കമ്മീഷന്‍ ചാര്‍ജുകള്‍ ലാഭിക്കാനാകും

How to invest directly into mutual fund schemes
Author
First Published Aug 11, 2024, 4:21 PM IST | Last Updated Aug 11, 2024, 4:21 PM IST

ഹരിയും കടപ്പത്രങ്ങളും ഉള്‍പ്പെടുന്ന മൂലധന വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്ക് റിസ്‌ക് ലഘൂകരിക്കുന്നതിനൊപ്പം ദീര്‍ഘകാലയളവില്‍ പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാവുന്ന നേട്ടം സ്വന്തമാക്കുന്നതിനുമുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം സാമ്പത്തിക വിഷയങ്ങളില്‍ അവഗാഹം കുറഞ്ഞ നിക്ഷേപകര്‍, മികച്ച മ്യൂച്ചല്‍ ഫണ്ടുകള്‍ കണ്ടെത്തുന്നതിനായി ഏജന്റുമാരുടെയോ വിതരണക്കാരുടെയോ സഹായം തേടാറുണ്ട്. എന്നാല്‍ മറ്റു ചിലരാകട്ടെ നിക്ഷേപത്തിനുള്ള തീരുമാനം സ്വയം നിര്‍ണയിക്കുന്നു.

റെഗുലര്‍ & ഡയറക്ട്

സാമ്പത്തിക നിക്ഷേപത്തിനുള്ള തീരുമാനം സ്വന്തമായി എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 'ഡയറക്ട് പ്ലാന്‍' തെരഞ്ഞെടുക്കാം. ഇതിലൂടെ കമ്മീഷന്‍ ചാര്‍ജുകള്‍ ലാഭിക്കാനാകും. അതേസമയം നിക്ഷേപത്തിന് മാര്‍ഗനിര്‍ദേശം ആവശ്യമായുള്ളവര്‍ ഏജന്റിന്റെ സഹായത്തോടെയുള്ള 'റെഗുലര്‍ പ്ലാന്‍' ആണ് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഡയറക്ട് പ്ലാനിനുള്ളതിനേക്കാള്‍ താരതമ്യേന ഉയര്‍ന്ന ചെലവ് റെഗുലര്‍ പ്ലാനില്‍ ചേരുന്നവര്‍ക്കുണ്ടാകും. അതേസമയം രണ്ട് മാര്‍ഗങ്ങളിലൂടെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമിലേക്ക് ചേര്‍ന്നാലും അവ നല്‍കുന്ന പോര്‍ട്ട്‌ഫോളിയോ ഒരുപോലെ തന്നെയാണ്.

ഡയറക്ട് പ്ലാന്‍ മുഖേന നിക്ഷേപിക്കാനുള്ള വഴികള്‍

>> അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (എഎംസി) വെബ്‌സൈറ്റ് മുഖേന നേരിട്ട് തെരഞ്ഞെടുക്കാം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡയറക്ട് പ്ലാന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം.

>> ആര്‍ടിഎ വെബ്‌സൈറ്റ്/ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍- മ്യൂച്ചല്‍ ഫണ്ട് രജിസ്ട്രാര്‍, സിഎഎംഎസ്/ കാര്‍വി പോലെയുള്ള ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍, നേരിട്ട് നിക്ഷേപത്തിനുള്ള അവസരം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയും മ്യൂച്ചല്‍ ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേക്ക് നിക്ഷേപിക്കാം. എംഎഫ് യൂട്ടിലിറ്റീസ് പോലെയുള്ള നിക്ഷേപ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നേരിട്ട് ഇത്തരം നിക്ഷേപം നടത്താനാകും.

>> പേപ്പറിലുള്ള അപേക്ഷ- പഴയ മാതൃകയില്‍ പേപ്പറിലാണ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, ബ്രോക്കര്‍/ ഡിസ്ട്രിബ്യൂട്ടര്‍ എന്ന കോളത്തിനുള്ളില്‍ നേരിട്ട നിക്ഷേപിക്കുകയാണെന്ന് സൂചിപ്പിക്കുന്നതിനായി 'ഡയറക്ട്' എന്നു രേഖപ്പെടുത്തുക.

സ്വിച്ചിങ്

നിലവില്‍ റെഗുലര്‍ പ്ലാനിന് കീഴിലുള്ള നിക്ഷേപത്തെ സമാന സ്‌കീമിന്റെ ഡയറക്ട് പ്ലാനിലേക്ക് മാറ്റുന്നതിനായി സ്വിച്ചിങ് ഓപ്ഷന്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്ലാനില്‍ നിന്നും മറ്റൊന്നിലേക്ക് ചേക്കുറുമ്പോള്‍ നികുതി കുരുക്കള്‍ നേരിടാം.

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

>> ഡയറക്ട് പ്ലാന്‍ ഉള്‍പ്പെടെയുള്ള ഏതുതരം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളായാലും കെവൈസി രേഖകള്‍ നിര്‍ബന്ധമാണ്.

>> എല്ലാ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളും ഡയറ്ക്ട് പ്ലാനും റെഗുലര്‍ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്.

>> കമ്മീഷന്‍ ചെലവുകള്‍ ഇല്ലാത്തതിനാല്‍ ഡയറക്ട് പ്ലാന്‍ മുഖേനയുള്ള സ്‌കീമുകളുടെ എന്‍എവി, റെഗുലര്‍ പ്ലാനുകളിലേതിനേക്കാള്‍ പൊതുവെ ഉയര്‍ന്നു നില്‍ക്കാനുള്ള പ്രവണത കാണിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios