തൊഴിലുടമ ഒരു ജീവനക്കാരനിൽ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്പോഴോ, ബാങ്ക് എഫ്ഡികളിൽ നിന്നോ ബോണ്ടുകളിൽ നിന്നോ ഒരാളുടെ പലിശ വരുമാനത്തിൽ അധിക ടിഡിഎസ് ഈടാക്കുമ്പോഴോ  അല്ലെങ്കിൽ മുൻകൂർ നികുതി അധികമായി അടയ്ക്കുമ്പോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം

തിരുവന്തപുരം: ആദായനികുതി അടയ്ക്കുന്ന സമയങ്ങളിൽ നികുതിദായകർ അധിക തുക അടച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും? ഈ തുക തിരികെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. ആദായ നികുതി ആടിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്റെ ശരിയായ നികുതി നിർണയത്തിന് ശേഷം ഒരു വ്യക്തി അടച്ച തുകയും നികുതിയും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ അതായത് അടയ്‌ക്കേണ്ട നികുതിയേക്കാൾ കൂടുതൽ തുകയാണ് നികുതി ഇനത്തിൽ നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ ആദായനികുതി വകുപ്പ് പണം നികുതിദായകന് തിരികെ നൽകും. ഇങ്ങനെ നികുതിദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്. 

തൊഴിലുടമ ഒരു ജീവനക്കാരനിൽ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്പോഴോ, ബാങ്ക് എഫ്ഡികളിൽ നിന്നോ ബോണ്ടുകളിൽ നിന്നോ ഒരാളുടെ പലിശ വരുമാനത്തിൽ അധിക ടിഡിഎസ് ഈടാക്കുമ്പോഴോ അല്ലെങ്കിൽ മുൻകൂർ നികുതി അധികമായി അടയ്ക്കുമ്പോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം.

ആദായനികുതി റീഫണ്ട് ലഭിക്കുന്നതിനായി നികുതിദായകന് ഐടിആർ ഫോം ഉപയോഗിക്കാം. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി ഐടിആർ ഫോം നൽകാം. വിശദാംശങ്ങൾ നൽകിയ ശേഷം സ്വന്തമായി വിലയിരുത്തി ഒപ്പിട്ട ഐടിആർ ഫോം നൽകിയാൽ മാത്രമേ ആദായ നികുതി വകുപ്പ് റീഫണ്ട് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. ആദായനികുതി വകുപ്പിന്റെ അവലോകനത്തിന് വിധേയമാക്കിയതിനു ശേഷം മാത്രമാണ് റീഫണ്ട് തുക തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളു. അതായത് റീഫണ്ട് ക്ലെയിം സാധുതയുള്ളതും നിയമാനുസൃതവുമാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിതീകരിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് നികുതി തുക റീഇംബേഴ്സ്മെന്റ് ആയി ലഭിക്കൂ.

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്. 

-- ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്സസ് ചെയ്യുക 

-- നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക

-- തുടർന്ന് 'ലോഗിൻ' ക്ലിക്ക് ചെയ്യുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'റിട്ടേണുകൾ / ഫോമുകൾ കാണുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുക്കുക

-- തുടർന്ന് ഏത് വർഷത്തെ മൂല്യ നിർണയമാണോ അറിയേണ്ടത് ആ വർഷം തിരഞ്ഞെടുക്കുക. തുടർന്ന് 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

-- അവസാനമായി, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അക്നോളജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക