പേഴ്‌സണല്‍ ലോണിന്റെ ഇഎംഐ തലവേദനയാണോ? ബാധ്യത എങ്ങനെ കുറയ്ക്കാം
പേഴ്‌സണല്‍ ലോണിന്റെ ഇഎംഐ ബാധ്യത കുറയ്ക്കുന്നതിനോ വായ്പയെ സംബന്ധിച്ച ചില ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ഹ്രസ്വകാല ആവശ്യങ്ങള്‍ നേരിടുന്നതിനു വേണ്ടി ഈടില്ലാതെയോ ജാമ്യക്കാരില്ലാതെയോ ലഭിക്കുന്ന വായപകളാണ് പേഴ്‌സണല്‍ ലോണ്‍. ശമ്പളമുള്ള വ്യക്തിഗതകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വളരെ വേഗത്തില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണം, വിനോദയാത്ര, വാഹനം, വിവാഹ ചെലവുകള്‍ക്കുമൊക്കെ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുന്നവരുണ്ട്. മറ്റുചിലരാകട്ടെ വീട് വാങ്ങുന്നതിനോ മോടി പിടിപ്പിക്കുന്നതിനോ ആവശ്യമായ തുകയില്‍ നേരിടുന്ന വിടവ് പരിഹരിക്കുന്നതിനും സ്വന്തം വിഹിതം നല്‍കുന്നതിനും പേഴ്‌സണല്‍ ലോണ്‍ എടുക്കാറുണ്ട്.
അതേസമയം, ഒരു വായ്പയുടെ പ്രതിമാസ തിരിച്ചടവ് കണക്കാക്കുന്നതിന് വായ്പയെടുത്ത തുക, കാലാവധി, പലിശ നിരക്ക് പോലെയുള്ള നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കുന്നുണ്ട്. പൊതുവില്‍ പേഴ്‌സണല്‍ ലോണുകള്‍ക്ക് മറ്റുള്ള വായ്പകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്. അതിനാല്‍ പ്രതിമാസ തിരിച്ചടവിനുള്ള (ഇഎംഐ) പദ്ധതി വവേകപൂര്‍വം ആസൂത്രണം ചെയ്യുന്നതിനോ/ നിലവിലുള്ള പേഴ്‌സണല്‍ ലോണിന്റെ ഇഎംഐ ബാധ്യത കുറയ്ക്കുന്നതിനോ വായ്പയെ സംബന്ധിച്ച ചില ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
>> ആവശ്യങ്ങള്‍ക്ക് അനുസൃതമായി ശരിയായ വിഭാഗത്തിലുള്ള വായ്പകള്‍ തെരഞ്ഞെടുക്കുക. വീട് വാങ്ങുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഹോം ലോണുകള്‍ ലഭ്യമാണ്. ഹോം ഇംപ്രൂവ്‌മെന്റ് ലോണ്‍, ഇന്റീരിയര്‍ ലോണുകള്‍ പോലെ പുതിയതരം ഭവന വായ്പകളും ടോപ്-അപ് ലോണുകളും ഉപഭോക്താവിന്റെ ആവശ്യാര്‍ത്ഥം പരിഗണിക്കാം. തിരിച്ചടവ് കാലാവധി കൂടുതലായതിനാലും പലിശ നിരക്ക് കുറവുള്ളതിനാലും ഇഎംഐ ബാധ്യതയും താഴ്ന്നു നില്‍ക്കുന്നു.
>> വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പേഴ്‌സണല്‍ ലോണിനു പകരം വാഹന വായ്പ എടുത്താല്‍ ഉയര്‍ന്ന പലിശ ഒഴിവാക്കാം. വ്യക്തിഗത വായ്പയേക്കാള്‍ തിരിച്ചടവിനുള്ള സമയം വാഹന വായ്പകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നതിനാല്‍ പ്രതിമാസ തിരിച്ചടവിനുള്ള തുകയും താഴ്ന്നുകിട്ടും. കൂടാതെ, വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ മിക്കപ്പോഴും ചെറിയ ഇഎംഐയോ ഡിസ്‌കൗണ്ട് നിരക്കുകളോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാറുണ്ട്.
>> സമാന വായ്പയില്‍ കുറഞ്ഞ പ്രതിമാസ തിരിച്ചടവോ താഴ്ന്ന പലിശ നിരക്കോ വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യ സ്ഥാപനത്തിലോട്ട് നിലവിലെ വായ്പയെ മാറ്റിയും ഇഎംഐ ബാധ്യത കുറയ്ക്കാന്‍ സാധിക്കും.
>> സാഹചര്യം അനുവദിക്കുമെങ്കില്‍, മുതല്‍ തുകയിലേക്ക് മുന്‍കൂട്ടിയുള്ള ഭാഗിക തിരിച്ചടവും ഇഎംഐ ബാധ്യത ലഘൂകരിക്കാന്‍ സഹായിക്കും.
>> വായ്പയില്‍ സഹ-അപേക്ഷകനെ കൂടി ചേര്‍ക്കുന്നത്, ഉയര്‍ന്ന വായ്പ തുകയും മികച്ച തിരിച്ചടവ് വ്യവസ്ഥകളും ലഭിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സഹായമേകും.