സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് ഇന്ത്യയിലെ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും എന്നറിയാം 

വർഷം ജൂലൈ ഒന്നിന് സ്വർണത്തിന്റെ (Gold) കസ്റ്റംസ് തീരുവ (Import duty) 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വർണ്ണത്തിന് 2.5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (എഐഡിസി) ഉണ്ട്. ഇത് മൊത്തം ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തും. സ്വർണ്ണ ഇറക്കുമതിയും വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിയും നിയന്ത്രിക്കുന്നതിനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത് എന്നാണ് വിശദീകരണം. ഇത് ഇന്ത്യയിലെ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും എന്നറിയാം 

എന്തുകൊണ്ടാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്?

മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി കുത്തനെ ഉയർന്നതായി ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 107 ടണ്ണാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രാജ്യം ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തത് 2021ലാണ്.

മഞ്ഞ ലോഹത്തിന്റെ ഇറക്കുമതിയിലെ വർദ്ധനവ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ഉയർത്തുന്നതിലേക്ക് നയിക്കുന്നു. ഇന്ത്യ ഇതിനകം തന്നെ അതിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാൻ പെടാപാട് പെടുകയാണ്. 2021 സാമ്പത്തിക വർഷത്തിലെ 0.9 ശതമാനം മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ, 2022 സാമ്പത്തിക വർഷത്തിൽ രാജ്യം 1.2 ശതമാനം കമ്മി രേഖപ്പെടുത്തി. 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.1 ശതമാനമായി ഉയരുമെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഉയരുന്ന കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യത്തകർച്ചയിലേക്കും നയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി രൂപയുടെ മൂല്യം അതിന്റെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലായിരുന്നു. ജൂലായ് 5 ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 79.38 എന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഡോളറിന് 82 എന്ന നിലയിലേക്ക് ഇടിഞ്ഞേക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

രൂപയുടെ മൂല്യത്തകർച്ച തടയാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്കും (ആർബിഐ) കേന്ദ്രവും. ഇതിന്റെ ഭാഗമായി വിദേശ നിക്ഷേപങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ആർബിഐ ലഘൂകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം സ്വർണ ഇറക്കുമതി നിരക്ക് വർധിപ്പിച്ചത്.

സ്വർണ്ണ ഇറക്കുമതി തീരുവ വർദ്ധന ഇന്ത്യയിലെ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

ഇറക്കുമതി തീരുവ വർധിപ്പിച്ചത്, രാജ്യത്തെ സ്വർണ്ണാഭരണങ്ങളുടെ വില ഉയരാൻ ഇടയാക്കും. ജൂലൈ 18 മുതൽ കട്ട് ആൻഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ ജിഎസ്ടി നിരക്ക് 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി ഉയർത്തിയതോടെ ആഭരണങ്ങൾക്ക് വില കൂടാൻ സാധ്യതയുണ്ട്.

സ്വർണം ഒരു ചരക്കെന്ന നിലയിൽ വ്യാപാരം ചെയ്യപ്പെടുന്നതിനാൽ, അതിന്റെ വില ദിനംപ്രതി മാറുന്നു. എന്നിരുന്നാലും, ഇന്ത്യൻ നഗരങ്ങളിൽ ദിവസേനയുള്ള സ്വർണ്ണത്തിന്റെ പ്രാദേശിക വില നിശ്ചയിക്കുന്ന ജ്വല്ലറി അസോസിയേഷനുകൾ ഉണ്ട്. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേൻ ആണ് വില നിർണയം നടത്തുന്നത്.