ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുക എന്നറിയാം  

ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി (Unified Payments Interface) ലിങ്ക് ചെയ്യാൻ ദിവസങ്ങൾക്ക് മുൻപ് ആർബിഐ നിർദേശം നൽകി കഴിഞ്ഞു. ഇനിമുതൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് യുപിഐ വഴി പണം അടയ്ക്കാം. അതായത് ഇതുവരെ ഡെബിറ്റ് കാർഡ് വഴിയായിരുന്നു യുപിഐ ഇടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐഇടപാടുകൾ നടത്തുന്നതുപോലെതന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും നടത്താം എന്ന് ചുരുക്കം. എന്താണ് ഈ നടപടികൊണ്ട് ഉപയോക്താക്കൾക്കുള്ള നേട്ടം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. വലിയ മാറ്റങ്ങളാണ് ഈ ഒറ്റ ലിങ്കിങ്ങിലൂടെ വരാൻ പോകുന്നത്. അവ എന്തെന്നും എങ്ങനെയെന്നും അറിയാം. 

ഗുണങ്ങൾ 

സാധാരണ ഒരു കടയിൽ കയറി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പണം നല്കാൻ യുപിഐ ഉപയോഗിക്കാറുണ്ട്. അതായത് ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ പോലുള്ള ആപ്പുകൾ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് എളുപ്പത്തിൽ ഓൺലൈൻ ആയി പണം അടയ്ക്കും. ഇനി അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിന്റെ ഗുണം. 'ബൈ നൗ പേ ലേറ്റർ' എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം തന്നെ. അതായത് 'ആദ്യം ആവശ്യം നടക്കട്ടെ പണം പിന്നീട് നൽകൂ' എന്നുതന്നെ. എന്നാൽ മുൻപ് ക്രെഡിറ്റ് കരടുമായി യു പി ഐ ലിങ്ക് ചെയ്യാത്തതിനാൽ ഡെബിറ്റ് കാർഡ് സേവങ്ങൾ പോലെ ക്രെഡിറ്റ് കാർഡ് സേവങ്ങൾ ലഭിക്കില്ലായിരുന്നു. എന്നാൽ ആർബിഐ പുതിയ നിർദേശം പുറപ്പെടുവിച്ചതോടെ ഇനി മുതൽ ക്രെഡിറ്റ് കാർഡും സ്മാർട്ടാകും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുമായാണ് ഡെബിറ്റ് കാർഡ് വഴി നിലവിൽ യുപിഐയ്ക്ക് ബന്ധമുള്ളത്. അതായത് ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ കയ്യിലുള്ള പണം നിങ്ങൾക്ക് യുപിഐ ഇടപാട് വഴി ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ നിങ്ങൾക്ക് കടമായി ലഭിക്കുന്ന പണവും യുപിഐ വഴി ഉപയോഗിക്കാം. ഇ- പോസ് മെഷീൻ വഴി മാത്രമേ നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കൂ. യുപിഐയുമായി ക്രെഡിറ്റ് കാർഡിനെ ബന്ധിപ്പിച്ചാൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താം. കൂടാതെ ഓൺലൈൻ പേയ്‌മെന്റുകൾക്ക് കാർഡ് വിവരങ്ങൾ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് നൽകുന്നതിന് പകരം ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗിച്ച് ഈസിയായി പേയ്മെന്റ് നടത്താം.

ഗുണഭോക്താക്കൾ ആരാണ്?

ബാങ്കുകൾ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്. കാരണം യുപിഐയുമായി ക്രെഡിറ്റ് കാർഡുകൾ ലിങ്ക് ചെയ്യുന്നതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കും. മറ്റ്‌ വായ്പകൾ ഒഴിവാക്കി ഭൂരിഭാഗം പേരും ഇതോടെ ക്രെഡിറ്റ് കാർഡിലേക്ക് തിരിയാനുള്ള സാധ്യത വളരെ ഏറെയാണ്. ഇത് ബാങ്കുകൾക്ക് ഗുണം ചെയ്യും. അതിനാൽ തന്നെ ഒരു ചെറിയ ക്രെഡിറ്റ് ലൈൻ-ബാക്ക്ഡ് റുപേ കാർഡ് ബാങ്കുകൾ നൽകിയേക്കാം. 

വെല്ലുവിളി

ഇന്ന് ഉപയോക്താക്കൾക്ക് യുപിഐ ഉപയോഗം സൗജന്യമാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയ ഉപയോഗം സൗജന്യമായിരിക്കില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതായത് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) എന്നൊന്നുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന ഉപഭോക്താക്കളില്‍നിന്ന് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനു വ്യാപാരിയില്‍നിന്നു ബാങ്ക് ഈടാക്കുന്ന നിരക്കാണ് ഇത്. ഈ നിരക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.