ആര്‍ബിഐ പണ്ടേ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ആദായനികുതി വകുപ്പും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കിപ്റ്റോ കറന്‍സികള്‍ക്കും ഡിജിറ്റല്‍ ആസ്തികള്‍ക്കുമെതിരെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ക്രിപ്റ്റോ ഇടപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും നികുതി പിരിവിനും വലിയ വെല്ലുവിളിയാണെന്ന് അധികൃതര്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ആര്‍ബിഐ പണ്ടേ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ആദായനികുതി വകുപ്പും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പിടികൊടുക്കാതെ പണമൊഴുക്ക്

ക്രിപ്റ്റോ ഇടപാടുകളുടെ പ്രത്യേക സ്വഭാവം തന്നെയാണ് അധികൃതരെ കുഴപ്പിക്കുന്നത്. പണം അയക്കുന്നവരും സ്വീകരിക്കുന്നവരും ആരാണെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. ബാങ്കുകള്‍ പോലുള്ള ഇടനിലക്കാരില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അതിര്‍ത്തികള്‍ കടന്ന് പണം കൈമാറാം. ഇത് നികുതി വെട്ടിപ്പിനും നിയമവിരുദ്ധ പണമിടപാടുകള്‍ക്കും വഴിയൊരുക്കുന്നു. രാജ്യത്തെ നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് വിദേശങ്ങളിലേക്ക് പണം മാറ്റാന്‍ ക്രിപ്റ്റോ സഹായിക്കുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

വിദേശ എക്‌സ്‌ചേഞ്ചുകള്‍ വില്ലനാകുന്നു

പല ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകളും വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള പ്ലാറ്റ്ഫോമുകള്‍, സ്വകാര്യ വാലറ്റുകള്‍ എന്നിവ വഴി നടത്തുന്ന ഇടപാടുകള്‍ നിരീക്ഷിക്കാന്‍ നിലവില്‍ പരിമിതികളുണ്ട്. ആരാണ് ഇതിന്റെ യഥാര്‍ത്ഥ ലാഭം കൊയ്യുന്നതെന്ന് കണ്ടെത്തുക പ്രയാസകരമാണ്. മറ്റ് രാജ്യങ്ങളുമായി വിവരം പങ്കുവെക്കുന്നതില്‍ ഇപ്പോഴും പല തടസ്സങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാ ഭീഷണിയും ആശങ്കയും

ക്രിപ്റ്റോ കറന്‍സികള്‍ക്ക് പിന്നില്‍ സ്വര്‍ണ്ണമോ മറ്റ് ആസ്തികളോ സുരക്ഷയായി ഇല്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നിക്ഷേപകരുടെ പണം നഷ്ടപ്പെടാന്‍ കാരണമാകും. ഇതിനുപുറമെ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും ഇത്തരം ഡിജിറ്റല്‍ ആസ്തികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുന്നു.

പിടിമുറുക്കാന്‍ അധികൃതര്‍

നിയമവിരുദ്ധ ഇടപാടുകള്‍ തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്:

ടിഡിഎസ് ക്രിപ്റ്റോ ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നതിനായി നിര്‍ബന്ധിത ടിഡിഎസ് വ്യവസ്ഥകള്‍ കൊണ്ടുവന്നു.

രജിസ്ട്രേഷന്‍: ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയക്കാനോ നികുതി ഈടാക്കാനോ നിലവില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത്തരം പഴുതുകള്‍ അടച്ച് ക്രിപ്റ്റോ വിപണിയെ കൂടുതല്‍ സുതാര്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എങ്കിലും, സാധാരണ നിക്ഷേപകര്‍ ഇത്തരം അസ്ഥിരമായ നിക്ഷേപങ്ങളില്‍ വീഴരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ആദായനികുതി വകുപ്പ് നല്‍കുന്നത്.