എൽപിജി പ്രതിസന്ധിക്ക് ബദലായി ഹൈഡ്രജൻ സ്റ്റൗവ് ശ്രദ്ധ നേടുകയാണ്. വെള്ളവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സ്റ്റൗവ് പരിസ്ഥിതി സൗഹൃദപരമാണെങ്കിലും, ഉയർന്ന വിലയും അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയും വലിയ വെല്ലുവിളികളാണ്.
രാജ്യത്തെ വീടുകൾ മുതൽ ഹോട്ടലുകളിലും മറ്റു വ്യവസായങ്ങളിലുമെല്ലാം വിടാതെ പിൻതുടരുകയാണ് എൽ പി ജി പ്രതിസന്ധി. കേരളത്തിലടക്കം പല ഹോട്ടലുകളും നിലവിൽ പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. ഈ സമയത്താണ് ഗ്രീൻവിസ്(Greenvize) അവതരിപ്പിച്ച ഹൈഡ്രജൻ സ്റ്റൗവ് ശ്രദ്ധ നേടുന്നത്. വെള്ളവും വൈദ്യുതിയും മാത്രം ഉപയോഗിച്ചാണ് ഹൈഡ്രജൻ സ്റ്റൗ പ്രവർത്തിക്കുന്നത്. വെറും 100 മില്ലി ഡിസ്റ്റിൽഡ് അല്ലെങ്കിൽ RO വെള്ളവും 1 യൂണിറ്റ് (kWh) വൈദ്യുതിയും ഉപയോഗിച്ച് ആവശ്യത്തിനനുസരിച്ച് ഹൈഡ്രജൻ ഉൽപാദിപ്പിച്ച് ആറു മണിക്കൂർ വരെ പാചകം ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹൈഡ്രജൻ സംഭരണത്തിന്റെയോ പൈപ്പ്‌ലൈൻ സംവിധാനത്തിന്റെയോ ആവശ്യം ഇതിനില്ല. സ്റ്റൗവിനുള്ളിൽ തന്നെ ഘടിപ്പിച്ചിരിക്കുന്ന പ്രോട്ടോൺ എക്സ്ചേഞ്ച് മെംബർൻ (PEM) ഇലക്ട്രോലൈസറുമാണ് ഇതിന് പിന്നിൽ. സംവിധാനത്തിൽ ഉപയോഗിച്ചിരിക്കുന്ന കാറ്റലിറ്റിക് ബേർണർ ഉയർന്നതും, എല്ലാ ഭാഗത്തേക്കും ഒരു പോലെ ചൂടും വിതരണം ചെയ്യുന്നു.
ഹൈഡ്രജൻ സ്റ്റൗവ് ഉപയോഗിച്ചാൽ CO₂, CO, പുക എന്നിവയൊന്നും പുറന്തള്ളപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇത് എക്കോ ഫ്രണ്ട്ലി ബദലായും വിലയിരുത്തപ്പെടുന്നുണ്ട്. ഇൻഡക്ഷൻ സ്റ്റൗവുകളെ പോലെ പ്രത്യേക പാത്രങ്ങൾ ഇതിന് ആവശ്യമില്ല. സാധാരണ പാത്രങ്ങൾ ഉപയോഗിച്ചുതന്നെ പാചകം ചെയ്യാം. ഗൃഹോപയോഗത്തിനും ഇത് ഉപയോഗിക്കാനാകുമെങ്കിലും നിലവിൽ വലിയ തോതിലുള്ള ഉപയോഗങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, സർക്കാർ ശുദ്ധ ഊർജ പരീക്ഷണ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ ഇത് വലിയ മാറ്റം സൃഷ്ടിക്കാനിടയുണ്ട്.
അതേ സമയം, ഈ സംവിധാനത്തിന്റെ വിലയും അടിസ്ഥാന സൗകര്യങ്ങളുമാണ് പ്രധാന വെല്ലുവിളി. നിലവിൽ 1 യൂണിറ്റിന് ഏകദേശം 1.5 ലക്ഷം രൂപ വരെയാണ് ഇതിന് വില വരുന്നത്. സ്ഥിരമായ വൈദ്യുതി ലഭ്യത, ഇൻസ്റ്റലേഷനുള്ള സൗകര്യങ്ങൾ, മറ്റ് സർവ്വീസുകൾ തുടങ്ങിയവയും ആദ്യ ഘട്ടത്തിൽ വെല്ലുവിളിയായി ഉയരുന്നുണ്ട്. ഇത് കൂടാതെ വൈദ്യുതി ലഭിക്കാൻ സോളാർ പദ്ധതി ഇല്ലെങ്കിൽ വലിയ നഷ്ടമാകുകയും ചെയ്യും. ഉപയോഗത്തിന് ജലവൈദ്യുതിയെ ഉപയോഗപ്പെടുത്തുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വിദഗ്ദർ പറയുന്നു. എന്നാൽ ഭാവിയിൽ ഹൈഡ്രജൻ ഉൽപാദനത്തിന് ചെലവ് കുറയുകയും എൽപിജി വില ഉയരുകയും ചെയ്താൽ ഹൈഡ്രജൻ സ്റ്റൗവ് ഒരു ബദലായി വന്നേക്കാം.


