ഉള്ളിയുടെ വില തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും ഉള്ളി അധികം കഴിക്കാറില്ലെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍. 

ദില്ലി: ഉള്ളിയുടെ വില തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും തന്‍റെ വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി അധികം ഉള്‍പ്പെടുത്താറില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. 

'ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്'- നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭാംഗങ്ങളില്‍ ചിരി പടര്‍ത്തി.എന്നാല്‍ ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിലെ മറ്റൊരംഗം അഭിപ്രായപ്പെട്ടു.

കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളില്‍ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വര്‍ധനവ് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നും ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.