ദില്ലി: അതിസമ്പന്നർക്ക് ആദായനികുതി നിരക്ക് ഉയർത്തണമെന്നും നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് നാല് ശതമാനം കൊവിഡ് -റിലീഫ് സെസ് ഏർപ്പെടുത്തണമെന്നും റവന്യൂ സർവീസസ് ഉദ്യോ​ഗസ്ഥർ നിർദ്ദേശിച്ചതായുളള റിപ്പോർട്ട് ആദായനികുതി വകുപ്പ് നിരസിച്ചു. 50 ഇന്ത്യൻ റവന്യൂ സർവീസസ് (ഐആർ‌എസ്) ഉദ്യോഗസ്ഥരുടെ ടീം ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായുളള വാർത്തകളാണ് വകുപ്പ് നിരസിച്ചത്. 

"കൊവിഡ് -19 സാഹചര്യത്തിലെ ധനപ്രതിസന്ധി പരിഹരിക്കുന്നതിന് കുറച്ച് ഐആർ‌എസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കാൻ സിബിഡിടി ഒരിക്കലും ഐആർ‌എസ് അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ” ആദായനികുതി വകുപ്പ് ട്വിറ്ററിൽ കുറിച്ചു.

വ്യക്തിപരമായ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളുമായി പരസ്യമായി പോകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ അനുമതി തേടിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ഇത് ആദായ നികുതി വകുപ്പിന്റെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണം ആരംഭിക്കുകയാണെന്നും ഐടി വകുപ്പ് പറഞ്ഞു.