തിരുവനന്തപുരം: കോവിഡ്-19നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ സംഭാവന നല്‍കുമെന്ന് ഐസിഐസിഐ ഗ്രൂപ്പ്. ഇതില്‍ 80 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കും. ബാക്കി 20 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നല്‍കും. ഐസിഐസിഐ ബാങ്കും സഹസ്ഥാപനങ്ങളും കൂടിച്ചേര്‍ന്നാണ് 100 കോടി രൂപ നല്‍കുക.

''അത്യാവശ്യഘട്ടങ്ങളിലും  പുരോഗതിയുടെ സമയത്തും ഐസിഐസിഐ ഗ്രൂപ്പ് രാജ്യത്തോട് ഒപ്പം നിന്നിട്ടുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വെല്ലുവിളിയാണ് രാജ്യത്തിനും നാട്ടിലെ ജനങ്ങള്‍ക്കും കോവിഡ് വൈറസ് സൃഷ്ടിച്ചത്. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയും ഈ വെല്ലുവിളിക്കെതിരെ പോരാടുകയും വേണം,'' ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് സന്ദീപ് ബത്ര പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഐസിഐസിഐ ഗ്രൂപ്പും ഐസിഐസിഐ ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു

ഐസിഐസിഐ ഗ്രൂപ്പ് ഇതുവരെ 2.13 ലക്ഷത്തിലധികം ശസ്ത്രക്രിയാ മാസ്‌കുകള്‍, 40,000 എന്‍95 മാസ്‌കുകള്‍, 20,000 ലിറ്റര്‍ സാനിറ്റൈസറുകള്‍, 16,000 കയ്യുറകള്‍, 5,300 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ (പിപിഇ) സ്യൂട്ടുകള്‍, 2,600 പ്രൊട്ടക്റ്റീവ് ഐ ഗിയര്‍, 50 തെര്‍മല്‍ സ്‌കാനറുകള്‍, 3 വെന്റിലേറ്റര്‍ എന്നിവ വിവിധ സംസ്ഥാന വകുപ്പുകളിലേക്കും ആശുപത്രികളിലേക്കും നല്‍കിയിട്ടുണ്ട്.

സംഭാവന ഡിജിറ്റലായി ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരെ ഐസിഐസിഐ ബാങ്ക് സഹായിക്കുന്നു. 'പി.എം കെയേഴ്‌സ് ഫണ്ടിനായി' സംഭാവനകള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഭാവന  സ്വീകരിക്കുന്നതിന് ബാങ്കിന് അംഗീകാരം നല്‍കിയിട്ടുണ്ട്.