ഒരു കോടിയിലധികം വാർഷിക വരുമാനമുള്ള ഒരു ഐഐടി ബിരുദധാരിക്ക് 15,000 രൂപയുടെ നികുതി അടയ്ക്കാൻ പണമില്ലാതിരുന്ന സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉയർന്ന വരുമാനത്തേക്കാൾ പ്രധാനം സാമ്പത്തിക അച്ചടക്കവും സാക്ഷരതയുമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
വർഷം ഒരു കോടി രൂപയിലേറെ ശമ്പളം, സ്വന്തമായി മൂന്ന് വീടുകൾ, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ബിരുദം. പുറമേ നിന്ന് നോക്കിയാൽ ജീവിതത്തൽ വിജയത്തിന്റെ എല്ലാ പടികളും ശരിയായിക്കയറിയ, മികച്ച പ്രൊഫൈലുള്ള ഒരാൾക്ക് വെറും 15,000 രൂപയുടെ ആദായനികുതി കുടിശ്ശിക അടയ്ക്കാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയുള്ള ഒരു ടെക്കിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ.
വൈറൽ പോസ്റ്റ്
ചാർട്ടേഡ് അക്കൗണ്ടന്റായ പ്രതിഭ ഗോയലാണ് ഈ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു കോടി രൂപയിലധികം വാർഷിക വരുമാനമുള്ള തന്റെ ക്ലയന്റിന് നികുതി അടയ്ക്കാൻ ആവശ്യമായ തുക കൈവശം ഇല്ലായിരുന്നുവെന്നും അടുത്ത ശമ്പളം ലഭിച്ചശേഷം പണം അടയ്ക്കാമോ എന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ഈ സംഭവം ഒരു വ്യക്തിയുടെ കഥ മാത്രമല്ലെന്നും, ഉയർന്ന ശമ്പളം ലഭിക്കുന്ന നിരവധി പ്രൊഫഷണലുകൾ നേരിടുന്ന യാഥാർഥ്യമാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വരുമാനത്തേക്കാൾ പ്രധാനമാണ് പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. 15 ലക്ഷം രൂപ മാത്രം വാർഷിക വരുമാനമുള്ള ഒരാൾ എമർജൻസി ഫണ്ട് അടക്കം സ്ഥിരമായി നിക്ഷേപം നടത്തുകയും കടബാധ്യതകൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. ഒരു കോടി രൂപ ശമ്പളം വാങ്ങുന്ന, അമിത ചെലവിൽ കുടുങ്ങിയ ഒരാളെയും സങ്കൽപ്പിക്കുക. ഇതിൽ കൂടുതൽ സാമ്പത്തിക സുരക്ഷ ആദ്യം പറഞ്ഞ ആൾക്കുണ്ടാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
'ലൈഫ്‌സ്റ്റൈൽ ഇൻഫ്ലേഷൻ' എന്ന കുരുക്ക്
ശമ്പളം വർധിക്കുന്നതിനനുസരിച്ച് ജീവിതശൈലിയും ചെലവുകളും വർധിക്കുന്ന പ്രവണതയെയാണ് സാമ്പത്തിക രംഗത്ത് 'ലൈഫ്‌സ്റ്റൈൽ ഇൻഫ്ലേഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. വലിയ വീട്, ഉയർന്ന ഭവനവായ്പ, ആഡംബര കാർ, വിദേശ യാത്രകൾ, പ്രീമിയം ക്ലബ് അംഗത്വങ്ങൾ തുടങ്ങി വരുമാനം കൂടുന്നതിനൊപ്പം ചെലവുകളും ഉയരുമ്പോൾ, ഉയർന്ന ശമ്പളമുണ്ടെങ്കിലും സമ്പാദ്യം കുറയുകയും കൈയിൽ പണം ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യാം.
സാമ്പത്തിക സാക്ഷരത
ഓഹരി വിപണിയെയോ മ്യൂച്വൽ ഫണ്ടിനെയോ കുറിച്ചുള്ള അറിവ് മാത്രമല്ല സാമ്പത്തിക സാക്ഷരത. പ്രതിമാസ ബജറ്റ് തയ്യാറാക്കൽ, പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കൽ, എമർജൻസി ഫണ്ട്, നികുതി ആസൂത്രണം, ഇൻഷുറൻസ്, വായ്പാ നിയന്ത്രണം, പണപ്പെരുപ്പം, നിക്ഷേപ വൈവിധ്യവൽക്കരണം, റിട്ടയർമെന്റ് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള അറിവും അതിൽ ഉൾപ്പെടുന്നു.
സാമ്പത്തിക വിദ്യാഭ്യാസം
സ്‍കൂളുകളിൽ ഗണിതവും ശാസ്ത്രവും പഠിപ്പിക്കുന്നുണ്ടെങ്കിലും ശമ്പള സ്ലിപ്പ് വായിക്കുന്നത്, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത്, വായ്പയുടെ യഥാർഥ ചെലവ് കണക്കാക്കുന്നത് തുടങ്ങിയ അടിസ്ഥാന സാമ്പത്തിക കാര്യങ്ങൾ പഠിപ്പിക്കുന്നില്ലെന്ന വിമർശനവും വിദഗ്ധർ ഉയർത്തുന്നു. സാങ്കേതികവിദ്യ, ധനകാര്യം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ ഉയർന്ന ശമ്പളമുള്ള ജോലികളിലേക്ക് കൂടുതൽ യുവാക്കൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്നും അവർ പറയുന്നു.
വൈറൽ പോസ്റ്റ് നൽകുന്ന സന്ദേശം
ഐഐടിയിൽ പഠിച്ചതുകൊണ്ട് മാത്രം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ലെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്. സാങ്കേതിക മികവും സാമ്പത്തിക അച്ചടക്കവും രണ്ടും വ്യത്യസ്തമായ കഴിവുകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ശമ്പളമോ വിലകൂടിയ ആസ്തികളോ മാത്രമല്ല യഥാർഥ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അളവുകോൽ. അപ്രതീക്ഷിത ചെലവുകൾ നേരിടാൻ മതിയായ പണം കൈവശം സൂക്ഷിക്കാനും സാമ്പത്തിക സമ്മർദമില്ലാതെ തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷിയാണ് യഥാർഥ സാമ്പത്തിക സുരക്ഷയെന്ന് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.


